നാടൻതോക്കുകളുമായി പിടിയിൽ
1494966
Monday, January 13, 2025 11:52 PM IST
പീരുമേട്: വനത്തിൽ നാടൻതോക്കുകളുമായി അതിക്രമിച്ചു കടന്ന നാലംഗ സംഘത്തിൽ ഒരാളെ പിടികൂടി. കണയങ്കവയൽ വടകര വീട്ടിൽ ഡൊമിനിക് ജോസഫിനെയാണ് മുറിഞ്ഞപുഴ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
റാന്നി റിസർവ് വനത്തിൽ പുറക്കയം ഭാഗത്താണ് തോക്കുകളുമായി നാല് പേർ പോകുന്നത് വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടത്. മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.സുനിലിന്റെ നേതൃത്വത്തിൽ ക്യാന്പിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇവർ വനപാലകർക്ക് നേരേ തോക്ക് ചൂണ്ടി.
എന്നാൽ ഡൊമിനിക്കിന്റെ തോക്ക് അതിസാഹസികമായി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.സുനിൽ പിടിച്ചെടുക്കുകയും ഡൊമിനിക്കിനെ കീഴ്പ്പെടുത്തുകയും ചെയ്തു. ഇതിനിടെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. അറസ്റ്റ് രേഖപ്പെടുത്തിയ ഡൊമിനിക്കിനെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.
കണയങ്ക വയൽ സ്വദേശികളായ മാത്യു, സൈജു, തങ്കമണി സ്വദേശി സനീഷ് എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ബിഎഫ്ഒ ആർ.സി. ഷൈജു, വാച്ചർ തോംസൻ, രാമചന്ദ്രൻ, ബിനു എന്നിവരടങ്ങിയ വനപാല സംഘമാണ് ഡൊമിനിക്കിനെ പിടികൂടിയത്.