അമിത യൂസർഫീ: വ്യാപാരി വ്യവസായി സമതി നിവേദനം നൽകി
1492250
Friday, January 3, 2025 10:25 PM IST
കട്ടപ്പന: നഗരസഭാ പരിധിയിലെ സ്ഥാപനങ്ങളിലും ടൗണിനോട് ചേർന്ന വീടുകളിലും ജൈവമാലിന്യങ്ങൾ നീക്കംചെയ്യുന്നതിനായി നിശ്ചയിച്ചിരിക്കുന്ന തുക വ്യാപാരികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി. വിഷയത്തിൽ അനുകൂലമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നഗരസഭാ അധികൃതർക്ക് നിവേദനം നൽകി.
മാലിന്യമുക്ത നവകേരളം കാമ്പയിനുമായി ബന്ധപ്പെട്ട് 2025 മാർച്ച് 25നകം എല്ലാ വീടുകളിലും സ്ഥാപനങ്ങളും ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്ന സംവിധാനങ്ങൾ സ്വയം ഏർപ്പെടുത്തുകയോ നഗരസഭ നിർദേശിക്കുന്ന ഏജൻസികൾക്ക് യൂസർ ഫീ നൽകി കൈമാറുകയോ ചെയ്യണമെന്ന് നിർദേശം ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് കട്ടപ്പന നഗരസഭാ പരിധിയിൽ ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങളിലും ടൗണിനോടുചേർന്നുള്ള വീടുകളിലും അപ്പാർട്ട്മെന്റുകൾക്കും നഗരസഭാ അധികൃതർ നോട്ടീസ് നൽകിയത്. ജൈവ മാലിന്യങ്ങൾ അംഗീകൃത ഏജൻസികൾക്ക് കൈമാറണം എന്നാണ് നിർദ്ദേശം.
വീടുകൾക്കും അപ്പാർട്ട്മെന്റുകൾക്കും പ്രതിമാസം 750 രൂപ, സ്ഥാപനങ്ങൾക്ക് അഞ്ച് കിലോ വരെ അമ്പത് രൂപ എന്നിങ്ങനെയാണ് ഏജൻസിക്ക് നൽകേണ്ട ഫീസ്.
എന്നാൽ, ഈ തുക വ്യാപാരികൾക്ക് പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഹോട്ടൽ, പച്ചക്കറി തുടങ്ങിയ സ്ഥാപനങ്ങളിൽ ഓരോ ദിവസവും അഞ്ച് കിലോയെക്കാൾ ഇരട്ടിയിലധികം ജൈവ മാലിന്യങ്ങൾ ഉണ്ടാകാറുണ്ട്.
ഈ സാഹചര്യത്തിൽ വലിയ തുകയാണ് ഏജൻസിക്ക് നൽകേണ്ടി വരിക. വിഷയത്തിൽ വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ്് മജീഷ് ജേക്കബ്ബിന്റെ നേതൃത്വത്തിൽ നഗരസഭാ ചെയർപേഴ്സൺ ബീന റ്റോമിക്ക് നിവേദനം നൽകി.