ബസ് സ്റ്റാൻഡിലെ കുഴിയടയ്ക്കൽ: കൗണ്‍സിൽ അലങ്കോലപ്പെട്ടു
1492254
Friday, January 3, 2025 10:25 PM IST
തൊടുപുഴ: മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലെ കുഴികൾ അടയ്ക്കാൻ നടപടി സ്വീകരിക്കാത്തതിനെച്ചൊല്ലി നഗരസഭാ കൗണ്‍സിൽ യോഗത്തിൽ ബഹളം. സംഭവത്തിൽ പ്രതിഷേധിച്ച് ഭരണകക്ഷിയായ എൽഡിഎഫിലെ കൗണ്‍സിലർ എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചതോടെ കൗണ്‍സിൽ അലങ്കോലപ്പെട്ടു.
സിപിഐ കൗണ്‍സിലർ മുഹമ്മദ് അഫ്സലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിരവധി ബസുകൾ കയറിയിറങ്ങുന്ന മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് കുണ്ടും കുഴിയുമായിട്ട് ദീർഘനാളായി. കുഴികളടച്ചില്ലെങ്കിൽ ബസുകൾ ഇനി സ്റ്റാൻഡിൽ കയറില്ലെന്നും സമരം ആരംഭിക്കുമെന്നും കഴിഞ്ഞ ദിവസം നഗരസഭാ ചെയർപേഴ്സനെയും വാർഡ് കൗണ്‍സിലർ മുഹമ്മദ് അഫ്സലിനെയും ബസുടമകൾ അറിയിച്ചിരുന്നു.
തുടർന്ന് ഇന്നലെ ചേരുന്ന കൗണ്‍സിലിൽ വിഷയം അജണ്ടയാക്കി വയ്ക്കാമെന്നും ഉടൻ പരിഹാരം കാണാമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ അജണ്ടയിൽ ഈ വിഷയം ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇന്നലെ നഗരസഭാ കൗണ്‍സിൽ ആരംഭിച്ചപ്പോൾ തന്നെ ചേംബറിനു മുന്നിൽ എഴുന്നേറ്റുനിന്ന് പ്രതിഷേധവുമായി മുഹമ്മദ് അഫ്സൽ രംഗത്തെത്തിയത്. ബസ് സ്റ്റാൻഡ് വിഷയം ചർച്ച ചെയ്യാതെ കൗണ്‍സിൽ ആരംഭിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അഫ്സലിനെ നിലപാട്.
എന്നാൽ അജണ്ടയിൽ ഉൾപ്പെടുത്താത്ത വിഷയം ചർച്ച ചെയ്യാൻ പാടില്ലെന്ന് സിപിഎം അംഗം ആർ. ഹരി പറഞ്ഞു. നാലാമത്തെ അജണ്ടയായ വാർഷിക പദ്ധതി ഭേദഗതി സംബന്ധിച്ച് ചർച്ച ചെയ്യുന്പോൾ മങ്ങാട്ടുകവല സ്റ്റാൻഡ് വിഷയവും അതിൽ ഉൾപ്പെടുത്താമെന്ന് ചെയർപേഴ്സണ്‍ സബീന ബിഞ്ചു പറഞ്ഞെങ്കിലും അഫ്സൽ വഴങ്ങിയില്ല. തുടർന്ന് കൗണ്‍സിലർമാരായ സനീഷ് ജോർജ്, എം.എ. കരീം, ജോസ് മഠത്തിൽ, സഫിയ ജബ്ബാർ എന്നിവരും അഫ്സൽ ഉന്നയിച്ച വിഷയം ന്യായമാണെന്നും പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.
ബിജെപി അംഗങ്ങളും ഇതേ നിലപാടെടുത്തു. ഒരു മണിക്കൂറോളമായിട്ടും പ്രശ്നപരിഹാരം കാണാത്തതിനെത്തുടർന്ന് ആർ. ഹരിയും ജോസ് മഠത്തിലും കൗണ്‍സിൽ ബഹിഷ്കരിച്ചു. പിന്നാലെ മുഹമ്മദ് അഫ്സലും ബിജെപി, കോണ്‍ഗ്രസ് അംഗങ്ങളും ഇറങ്ങിപ്പോയി. ഇതോടെ ചെയർപേഴ്സണ്‍ കൗണ്‍സിൽ പിരിച്ചുവിടുകയായിരുന്നു.
മുഹമ്മദ് അഫ്സൽ (സിപിഐ)
ഇന്നലെ ചേരുന്ന കൗണ്‍സിലിൽ സ്റ്റാൻഡിന്റെ വിഷയം ചർച്ചയ്ക്കെടുക്കാമെന്ന് ഉറപ്പ് പറഞ്ഞിരുന്നതാണ്. അജണ്ടയിൽ കാണാതിരുന്നതുകൊണ്ടാണ് പ്രതിഷേധിച്ചത്. ഏറെ നേരം എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചിട്ടും വിഷയം അടുത്ത ദിവസം ചർച്ച ചെയ്യാമെന്ന് പോലും ചെയർപേഴ്സണ്‍ പറഞ്ഞില്ല. രാഷ്ട്രീയ ഭേദമന്യേ കൗണ്‍സിലർമാരെല്ലാം തന്റെ നിലപാടിനൊപ്പമായിരുന്നു.
സ്റ്റാൻഡ് അറ്റകുറ്റപ്പണി നടത്തുന്നതിന് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സണ്‍ കൂടിയായ നഗരസഭാ വൈസ് ചെയർപേഴ്സണ്‍ നിലപാട് പറയണമെന്ന് പല കൗണ്‍സിലർമാരും വ്യക്തമാക്കിയെങ്കിലും ജെസി ആന്റണി പ്രതികരിച്ചില്ല. ഏറെ നാളായി പാർലമെന്ററി പാർട്ടി യോഗം ചേരാറില്ലാത്തിനാൽ അജണ്ട പോലും നേരത്തെ അറിയാനാകുന്നില്ല.
സബീന ബിഞ്ചു (ചെയർപേഴ്സണ്‍)
നഗരസഭയിൽ വിവിധ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ചില കൗണ്‍സിലർമാർ ബോധപൂർവ ശ്രമം നടത്തുന്നു. മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് നന്നാക്കുകയെന്നത് എൽഡിഎഫിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. സ്റ്റാൻഡിൽ ടൈൽ ഇടുന്നതിന് 14 ലക്ഷം രൂപയുടെ എസ്റ്റിമേറ്റെടുത്തിരുന്നു.
എന്നാൽ ഇത്രയും തുക മുടക്കി ടൈൽ ഇടേണ്ടതില്ലെന്ന് ആസൂത്രണ സമിതിയോഗത്തിൽ അഭിപ്രായമുയർന്നു. തുടർന്ന് സ്റ്റാൻഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ആറ് ലക്ഷം രൂപയുടെ റിവേഴ്സ് എസ്റ്റിമേറ്റെടുത്തു. ഇന്നലത്തെ കൗണ്‍സിലിലെ നാലാമത്തെ അജണ്ട വാർഷിക പദ്ധതി ഭേദഗതി ചെയ്യുന്നതായിരുന്നു. ഈ അജണ്ടയെടുക്കുന്പോൾ മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് വിഷയവും ചർച്ച ചെയ്യാനിരുന്നതാണ്. ഈ വിഷയം കൗണ്‍സിലർ മുഹമ്മദ് അഫ്സലിനോട് പറഞ്ഞതുമാണ്. എന്നിട്ടും പ്രതിഷേധിച്ചത് എൽഡിഎഫ് തീരുമാനത്തിന് വിരുദ്ധമാണ്.
കെ. ദീപക് (കോണ്‍ഗ്രസ്)
മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലെ കുഴികൾ അടയ്ക്കുന്ന കാര്യം പലവട്ടം ആവശ്യപ്പെട്ടെങ്കിലും ചർച്ച ചെയ്യുന്നതിന് ചെയർപേഴ്സണ്‍ തയാറാകാത്തത് അങ്ങേയറ്റം പ്രതിഷേധകരമാണ്. 2023 -24 വർഷത്തെ പ്രോജക്ടുകൾക്ക് തുടക്കം കുറിക്കാൻ സാധിക്കാത്തത് ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ യോഗത്തിനു മുന്നോടിയായി അനുസ്മരിക്കാൻ തയാറാകാത്തതും പ്രതിഷേധത്തിനിടയാക്കി.
ടി.എസ്. രാജൻ (ബിജെപി)
ചെയർപേഴ്സണിന്റെ നിരുത്തരവാദിത്വമാണ് നിശ്ചയിച്ചിരുന്ന കൗണ്‍സിലിൽ യഥാസമയം അജണ്ട എടുക്കാതെ പോയത്. 2023 - 24ലെ ഒരു പദ്ധതിയും നഗരസഭയിൽ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. നഗരസഭയുടെ വികസനം പിന്നോട്ടടിക്കുന്ന ചെയർപേഴ്സണ്‍ സബീന ബിഞ്ചു രാജിവച്ച് ജനങ്ങളോട് മാപ്പുപറയണം.