മലങ്കര കനാലുകൾ തുറക്കും: കാട് നീക്കിയില്ലെന്ന് ആക്ഷേപം
1492252
Friday, January 3, 2025 10:25 PM IST
തൊടുപുഴ: വേനൽ കനത്തുതുടങ്ങിയതോടെ മലങ്കര അണക്കെട്ടിനോടനുബന്ധിച്ചുള്ള കനാലുകളിലൂടെ തിങ്കളാഴ്ച മുതൽ വെള്ളം കടത്തിവിടും. മലങ്കര ഇടത്, വലത് കര എന്നിങ്ങനെ രണ്ട് കനാലുകളാണ് മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗ മായുള്ളത്. വെള്ളം തുറന്നു വിടാത്തതിനെത്തുടർന്ന് 26 തദ്ദേശസ്ഥാപനങ്ങളിലെ ജലസ്രോതസുകൾ പ്രതിസന്ധിയിലായിരുന്നു. ഇടതുകര കനാൽ ആറിനും വലതുകര കനാൽ എട്ടിനുമാണ് തുറക്കുന്നത്. കനാലിലെ കാടുംപടലും വെട്ടിനീക്കിയ ശേഷം ഇന്ന് ട്രയൽ അടിസ്ഥാനത്തിൽ വെള്ളം ഒഴുക്കുമെന്നാണ് എംവിഐപി അധികൃതർ അറിയിച്ചത്. എന്നാൽ കനാലുകളിലെ കാടു വെട്ടി വൃത്തിയാക്കൽ വൈകിയെന്ന് ആക്ഷേപമുയർന്നിരുന്നു.
കരിങ്കുന്നം, മണക്കാട്, പുറപ്പുഴ, പാലക്കുഴ, കൂത്താട്ടുകുളം പ്രദേശങ്ങളിലേക്കാണ് ഇടത് കനാലിലെ വെള്ളം എത്തുന്നത്. മലങ്കര, ഇടവെട്ടി, കുമാരമംഗലം, കല്ലൂർക്കാട്, കോതമംഗലം എന്നിങ്ങനെയാണ് വലത് കനാൽ പോകുന്ന പ്രദേശം. ഇടതു കനാലിന് 37 കിലോമീറ്ററും വലത് കനാലിന് 28 കിലോമീറ്ററുമാണ് ദൈർഘ്യം. അണക്കെട്ടിൽ ജലനിരപ്പ് 39 മീറ്ററായി ഉയർന്നെങ്കിൽ മാത്രമേ കനാലുകളിലൂടെ വെള്ളം കടത്തിവിടാൻ സാധിക്കൂ. നിലവിൽ ജലനിരപ്പ് 39. 74 മീറ്ററുണ്ട്.
നീരൊഴുക്ക് ഇല്ലാത്തതിനെത്തുടർന്ന് രണ്ട് കനാലുകളും കടന്നുപോകുന്ന പ്രദേശങ്ങളിലെ കിണർ, കുളം, കൈത്തോടുകൾ ഉൾപ്പടെയുളള നീർത്തടങ്ങൾ പൂർണമായും വറ്റിവരളുന്ന അവസ്ഥയാണ്.കനാലിലെ വെള്ളത്തെ ആശ്രയിച്ചാണ് പ്രദേശങ്ങളിലെ കാർഷികമേഖലയും നിലനിൽക്കുന്നത്. പ്രത്യേകിച്ച് നെൽകൃഷി കനാലിലെ വെള്ളത്തെ ആശ്രയിച്ച് മാത്രമാണ് കർഷകർ നടത്തുന്നത്. കടുത്ത വേനലിലെ തുടർന്ന് ആവശ്യത്തിന് ജലം ലഭിക്കാതെ ഇവിടങ്ങളിലെ കാർഷികവിളകൾ ഉണങ്ങി നശിക്കുന്ന നിലയിലേക്കെത്തിയിരുന്നു.
ജലദൗർലഭ്യം വിവിധ വ്യാവസായിക പദ്ധതികളെയും സാരമായി ബാധിക്കും. മുൻവർഷങ്ങളിൽ ഡിസംബർ പകുതിയോടെ വെള്ളം കടത്തിവിട്ട് കനാൽ കടന്നുപോകുന്ന പ്രദേശങ്ങൾ ജലസമൃദ്ധമാകുമായിരുന്നു. എന്നാൽ, ജനുവരി ആരംഭിച്ചിട്ട് പോലും കനാലിലൂടെ വെള്ളം കടത്തിവിടാത്തതിനെത്തുടർന്ന് വ്യാപകമായ ആക്ഷേപമാണ് ഉയരുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തെക്കാൾ നേരത്തേയാണ് ഇത്തവണ കനാലുകൾ തുറക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉത്പാദനത്തിന് ശേഷം പുറന്തള്ളുന്നതും നാച്ചാർ, വലിയാർ എന്നിവിടങ്ങളിൽനിന്ന് ഒഴുകിയെത്തുന്നതും സ്വാഭാവിക നീരൊഴുക്കിനെയും ആശ്രയിച്ചാണ് പ്രധാനമായും മലങ്കര അണക്കെട്ടിലെ ജലനിരപ്പ് നിലനിൽക്കുന്നത്.
ഇതിനിടെ കനാലിലെ കാടു വെട്ടിനീക്കി വെള്ളം തുറന്നുവിടാത്തതിനാൽ പ്രതിഷേധവും ഉയർന്നു. കനാലിന്റെ ഇരുവശവും കാടുകൾ വളർന്നും സംരക്ഷണ ഭിത്തികൾ തകർന്നും ശോചനീയാവസ്ഥയിലായിരുന്നു. കാടുകൾ വളർന്ന് കനാൽ റോഡിലൂടെയുള്ള യാത്ര പോലും ദുഷ്കരമായി മാറിയിരുന്നു. ആളുകൾ ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങൾ കനാലിലേക്ക് വലിച്ചെറിയുന്നതും പതിവാണ്.
വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായാണ് നേരത്തേ കനാലിലെ കാടുകളും മാലിന്യങ്ങളും എംവിഐപിയുടെ നേതൃത്വത്തിൽ നീക്കംചെയ്തിരുന്നത്. ഇപ്പോൾ ഇത് യഥാസമയം അധികൃതർ ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.
ഇതോടൊപ്പം തകർന്നുകിടക്കുന്ന കനാൽ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തി കെട്ടി റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.