ടാപ്പിംഗ് തൊഴിലാളികളെ കിട്ടാനില്ല; റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍
1492247
Friday, January 3, 2025 10:25 PM IST
അടിമാലി: ടാപ്പിംഗ് തൊഴിലാളികളുടെ ക്ഷാമം റബര്‍ കാര്‍ഷിക മേഖല പ്രതിസന്ധിയിലേക്ക്. പലതോട്ടങ്ങളും ടാപ്പിംഗ് നടത്താനാകാതെ അടച്ചിട്ടിരിക്കുകയാണ്. പലരും റബര്‍ മരം വെട്ടി മറ്റ് കൃഷിയിലേക്ക് മാറുന്ന സാഹചര്യവുമുണ്ട്. പുതിയ തലമുറയിലെ ആളുകൾ ടാപ്പിംഗ് തൊഴില്‍ രംഗത്തേക്കു വരാന്‍ വിമുഖത പുലര്‍ത്തുന്നതും അയല്‍സംസ്ഥാന തൊഴിലാളികള്‍ക്ക് ടാപ്പിംഗ് വശമില്ലാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
പഴയ തൊഴിലാളികള്‍ മാത്രമാണ് ഈ രംഗത്ത് ഇപ്പോഴുമുള്ളത്. ടാപ്പിംഗ് തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാന്‍ അയല്‍സംസ്ഥാന തൊഴിലാളികളെ ടാപ്പിംഗ് പഠിപ്പിച്ച് രംഗത്തിറക്കാന്‍ റബര്‍ ബോര്‍ഡ് ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു. ടാപ്പിംഗ് പഠിച്ച ആരും തന്നെ ഈ തൊഴില്‍ ചെയ്യാന്‍ തയാറല്ല. അവര്‍ പ്രതീക്ഷിക്കുന്ന വരുമാനമില്ലാത്തതാണ് കാരണം. വിലയിടിവിനൊപ്പം ടാപ്പിംഗ് തൊഴിലാളികളുടെ ലഭ്യതക്കുറവും റബര്‍ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.