കോടതിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമം: ബാർ അസോ.
1492249
Friday, January 3, 2025 10:25 PM IST
മൂന്നാർ: കോടതി ഉത്തരവുകൾക്കെതിരേ പൊതുജന മധ്യത്തിൽ തെറ്റിദ്ധാരണ പരത്തുകയും നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയെ തകർക്കാനും വനം വകുപ്പ് ശ്രമം നടത്തുകയാണെന്ന് ദേവികുളം ബാർ അസോസിയേഷൻ ആരോപിച്ചു.
മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.ജെ. സുഹൈബ്, മറയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അബ്ജു എന്നിവർക്ക് എതിരേയാണ് ഗുരുതര ആരോപണങ്ങളുമായി അഭിഭാഷക സംഘടന രംഗത്ത് എത്തിയത്.
വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഭിഭാഷകനെതിരേ വാസ്തവവിരുദ്ധ പ്രസ്താവനങ്ങൾ നടത്തുകയും അത് പത്ര മാധ്യമങ്ങൾക്ക് കൊടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് അഭിഭാഷക സംഘടന രണ്ട് ഉദ്യോഗസ്ഥർക്കെതിരേ ആരോപണങ്ങൾ ഉയർത്തുന്നത്.
ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് വനം വകുപ്പ് കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരേ വനം ഉദ്യോഗസ്ഥർ അപവാദ പ്രചാരണങ്ങൾ നടത്തുകയും അഭിഭാഷകരെ സമൂഹ മധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അഭിഭാഷകർ ആരോപിച്ചു.
ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് ഒ.ആർ 3/2024 നന്പരായി രജിസ്റ്റർ ചെയ്ത കേസിൽ ആറു പ്രതികളെ വനപാലകർ പിടികൂടുകയും മൂന്നുപേർ കോടതിയിൽ നേരിട്ടു ഹാജരാകുകയും ചെയ്തിരുന്നു. റിമാൻഡ് ചെയ്ത പ്രതികളിൽ മൂന്നുപേരെ തെളിവെടുപ്പിനായി വനംവകുപ്പ് അഞ്ചു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
എന്നാൽ, ഇവരെ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്താതെ മറയൂർ നാച്ചി വയൽ ഫോറസ്റ്റ് സെല്ലിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന് കസ്റ്റഡി കാലാവധി കഴിഞ്ഞെത്തിയ പ്രതികൾ കോടതിയെ ബോധിപ്പിച്ചു.
പരാതിയിൽ കഴന്പുണ്ടെന്ന് കോടതി കണ്ടെത്തിയതോടെ കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർക്കെതിരേ പോലീസ് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു.
ഇതോടെയാണ് പ്രതികൾക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരേ വനപാലകർ അപവാദ പ്രചാരണങ്ങളുമായി രംഗത്ത് എത്തിയതെന്ന് മൂന്നാറിൽ നടന്ന പത്ര സമ്മേളനത്തിൽ ദേവികുളം ബാർ അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് എൻ.സി. രാജേഷ്, ഐ.ജെ. ജോസഫ്, ജോണ്സണ് പീറ്റർ, ദിലീപ് തോമസ്, മാത്യു ജോണ്, സാബു മാത്യു, അജിത് ബാറ്റ്സ് തുടങ്ങിയവർ ആരോപിച്ചു.