ഉജ്വല ബാല്യം പുരസ്കാരത്തിളക്കത്തിൽ കൗമാരപ്രതിഭകൾ
1492255
Friday, January 3, 2025 10:26 PM IST
ഇടുക്കി: സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരത്തിന് ജില്ലയിൽനിന്നു നാലു വിദ്യാർഥികൾ അർഹരായി. അടിമാലി കാർമൽ ജ്യോതി സ്പെഷൽ സ്കൂളിലെ എയ്ഡൻ വിൻസന്റ് സെക്കൻഡറി വിഭാഗം വിദ്യാർഥിയാണ്.
2023 -24 കേരള സ്പെഷൽ സ്കൂൾ കലോത്സവത്തിൽ ദേശഭക്തി ഗാനത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം. നാടോടി നൃത്തം, സംഘനൃത്തം, ഉപകരണ സംഗീതം എന്നിവയിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം. ജില്ലാ സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച മത്സരത്തിൽ നൃത്തത്തിനും സംഘ നൃത്തത്തിനും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഇതാണ് എയ്ഡനെ പുരസ്കാരത്തിന് അർഹനാക്കിയത്. പിതാവ്: പരേതനായ വിൻസന്റ്. മാതാവ്: അനു. ഒരു സഹോദരിയുണ്ട്.
പുരസ്കാരം നേടിയ മൂലമറ്റം എസ്എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്ലസ് ടു വിദ്യാർഥി ജഗത് കൃഷ്ണ സയൻസ് ഫെയറുകളിൽ തുടർച്ചയായി ജില്ലാ,സബ്ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. റോബോട്ടുകളുടെ മോഡലുകളാണ് ജഗത് കൃഷ്ണയ്ക്ക് സമ്മാനങ്ങൾ നേടിക്കൊടുത്തത്. സബ്ജില്ലയിൽ മൂന്നുവർഷം എ ഗ്രേഡോടെ രണ്ടാം സ്ഥാനം ജഗത്തിന്റെ മോഡലുകൾക്ക് ലഭിച്ചു.
ഈ വർഷം ഒന്നാം സ്ഥാനവും ജഗത്തിനായിരുന്നു. കായികയിനങ്ങളിലും പങ്കെടുത്തിട്ടുള്ള ജഗത് കൃഷ്ണ അസീസി സ്നേഹഭവനുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. ഇലപ്പള്ളിയിലെ വ്യാപാരി തത്തയ്ക്കൽ ബി. ബിജുവിന്റെ മകനാണ്. പതിനാറാംകണ്ടം ഗവ എച്ച്എസ്എസ് അധ്യാപികയായ എസ്. ശ്രുതിയാണ് അമ്മ.
പ്രീ വൊക്കേഷണൽ വിഭാഗത്തിൽ പുരസ്കാരം നേടിയ സ്നേഹ അടിമാലി കാർമൽ ജ്യോതി സ്പെഷൽ സ്കൂൾ വിദ്യാർഥിനിയാണ്. കലാ കായികരംഗത്തും കൃഷിയിലും ഉന്നത വിജയം കാഴ്ചവച്ചിട്ടുണ്ട് ഈ വിദ്യാർഥിനി. നല്ലൊരു കുട്ടിക്കർഷക കൂടിയാണ് സ്നേഹ. കൃഷിവകുപ്പിന്റേതടക്കം നിരവധി പുരസ്കാരങ്ങൾ സ്നേഹയ്ക്ക് ലഭിച്ചിട്ടുണ്ട്.
പുരസ്കാരം നേടിയ അഞ്ചാം ക്ലാസുകാരി ആദിശ്രീ എ.നായർ നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. പരിസ്ഥിതി സംരക്ഷണം, സാമൂഹികസേവനം, ശാസ്ത്രം എന്നിവയിൽ മികവ് പുലർത്തിയതിനുള്ള പൊതുവിഭാഗത്തിലാണ് നെടുങ്കണ്ടം വലിയവീട്ടിൽ പി.വി. അനിൽകുമാറിന്റെ മകൾ ആദിശ്രീയെ തെരഞ്ഞെടുത്തത്. മാതാവ്: ജിനു.
25,000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്.