യുഡിഎഫ് പ്രതിഷേധ മാർച്ചും ജനകീയ വിചാരണ സദസും നാളെ രാജകുമാരിയിൽ
1492697
Sunday, January 5, 2025 6:41 AM IST
രാജകുമാരി: ഇടതു സർക്കാരിന്റെ വനനിയമ ഭേദഗതി ബില്ലിനും സിഎച്ച്ആർ ഉൾപ്പെടെയുള്ള ഭൂനിയമങ്ങൾക്കുമെതിരേ യുഡിഎഫ് ഉടുന്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ ജനകീയ വിചാരണ സദസും പ്രതിഷേധ മാർച്ചും സംഘടപ്പിക്കുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എം.ജെ. കുര്യൻ, കണ്‍വീനർ ബെന്നി തുണ്ടത്തിൽ, കോ-ഓർഡിനേറ്റർ അഡ്വ. സേനാപതി വേണു, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.പി. ജോസ്, മ ുസ്ലീം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജമാൽ ഇടശേരിക്കുടി, കേരള കോണ്‍ഗ്രസ്(ജേക്കബ്) നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ചിറ്റടി എന്നിവർ അറിയിച്ചു.
വന്യജീവികളുടെ ആക്രമണങ്ങളിൽനിന്നു കർഷകരെ സംരക്ഷിക്കുന്നതിനും അർഹിക്കുന്ന നഷ്ടപരിഹാരം കൊടുക്കുന്നതിനും നിയമ ഭേദഗതി കൊണ്ടുവരേണ്ടതിന് പകരം കർഷകർക്ക് ദോഷകരമായ ബില്ല് അവതരിപ്പിച്ച് കർഷകരെ ദ്രോഹിക്കുന്ന നയം തിരുത്തണമെന്നും വനംമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭയുടെ അറിവോടെ ഇറക്കിയ ബില്ല് കർഷകരെ സ്വന്തം ഭൂമിയിൽനിന്നു കുടിയിറക്കാനുള്ള നീക്കമാണെന്നും ഇടുക്കിയിലെ മന്ത്രിയായിരിക്കുന്ന റോഷി അഗസ്റ്റിനും അറിഞ്ഞു കൊണ്ടാണ് ഇത്തരം കർഷകദ്രോഹ ബില്ല് ഇറക്കിയതെന്നും നേതാക്കൾ പറഞ്ഞു.
ആറിന് രാവിലെ 10ന് നടക്കുന്ന ധർണയും വിചാരണാ സദസും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ. ഫ്രാൻസീസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് ദൈവമാതാ പള്ളി ഭാഗത്തുനിന്ന് പ്രതിഷേധപ്രകടനം ആരംഭിക്കും.
തുടർന്ന് നടക്കുന്ന വിചാരണ സദസ് കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം, യുഡിഎഫ് ജില്ലാ നേതാക്കൾ എന്നിവർ പ്രസംഗിക്കും.
വനബില്ലില്നിന്ന് പിന്മാറണം: കിസാന്‍ സഭ
ചെറുതോണി: വന്യജീവി ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിലെ പാകപ്പിഴകൾ പരിഹരിക്കാൻ കേന്ദ്ര വനം-വന്യജീവി-പരിസ്ഥിതി നിയമത്തില്‍ മാറ്റം വരുത്താൻ പാര്‍ലമെന്റില്‍ പുതിയ ബില്‍ അവതരിപ്പിക്കണമെന്ന് ഇന്‍ഡിപ്പെൻഡന്റ് ഭാരതീയ കിസാന്‍ സഭ ആവശ്യപ്പെട്ടു.
2001ല്‍ കേന്ദ്ര സർക്കാർ വനം-വന്യജീവി-പരിസ്ഥിതി വിഷയത്തില്‍ പുതിയ ബില്‍ അവതരിപ്പിച്ചിരുന്നു. 2003ല്‍ ഈ ബില്‍ പാസാക്കി നിയമമായി. ഇതിന്റെ ഭാഗമായി കേരളത്തിലെ 22 താലൂക്കുകളിലെ 504 വില്ലേജുകളെ പൂര്‍ണമായും 16 താലൂക്കുകളിലെ 474 വില്ലേജുകള്‍ ഭാഗികമായും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പശ്ചിമഘട്ട മേഖലയില്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകരുടെ ഉപജീവനമാര്‍ഗമായ കൃഷിയും വീടും വന്യമൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും വേണ്ടി ബലമായി കുടിയൊഴിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടരുത്.
കേരളത്തിലെ പുതിയ വനബില്ലില് നിന്ന് സര്‍ക്കാര്‍ പിന്മാറണം. കര്‍ഷകര്‍ പരിസ്ഥിതി വിരുദ്ധരല്ലെന്നും നേതാക്കൾ പറഞ്ഞു. കിസാന്‍ സഭ ചെയര്മാന് രാജു സേവ്യർ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ അപ്പച്ചന് ഇരുവേലി, വക്കച്ചന് ചേറ്റാനി, ഷൈജു ജയിംസ്, ജോര്‍ജ് കാലായില്‍, പോള്‍സണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.