സിപിഎം ജില്ലാ സമ്മേളനം തൊടുപുഴയിൽ
1492248
Friday, January 3, 2025 10:25 PM IST
തൊടുപുഴ: സിപിഎം ജില്ലാ സമ്മേളനത്തിന് ഒരുക്കം പൂർത്തിയായെന്ന് ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി മൂന്നു മുതൽ ആറു വരെ തൊടുപുഴയിലാണ് സമ്മേളനം. ഫെബ്രുവരി നാലിന് രാവിലെ 10ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. തോമസ് ഐസക്, കെ.കെ. ശൈലജ, എളമരം കരീം, കെ. രാധാകൃഷ്ണൻ, പി. രാജീവ്, സി.എസ്. സുജാത, കെ.കെ. ജയചന്ദ്രൻ, വി.എൻ. വാസവൻ, എം. സ്വരാജ്, പുത്തലത്ത് ദിനേശൻ, കെ.പി. മേരി, എം.എം. മണി തുടങ്ങിയവർ പ്രസംഗിക്കും. ഏരിയാ സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 355 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
പൊതുസമ്മേളനം ആറിന് പഴയ ബസ് സ്റ്റാൻഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. പൊതുസമ്മേളനത്തിന് മുന്നോടിയായി 50,000 പേർ അണിനിരക്കുന്ന പ്രകടനവും നടക്കും.
26ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന പുസ്തകപ്രകാശനം ജോണ് ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും. 28ന് മൂന്നിന് വനിതാസംഗമം പി.കെ. ശ്രീമതിയും 31ന് സഹകാരി സംഗമം മന്ത്രി വി.എൻ. വാസവനും ഫെബ്രുവരി ഒന്നിന് സാംസ്കാരിക സംഗമം സുനിൽ പി.ഇളയിടവും രണ്ടിന് കവിയരങ്ങ് കവി മുരുകൻ കാട്ടാക്കടയും ഉദ്ഘാടനംചെയ്യും. സമ്മേളനത്തിന് മുന്നോടിയായി ജില്ലയുടെ വിവിധ മേഖലകളിൽ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.
പത്ര സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.ആർ. സോമൻ, മുഹമ്മദ് ഫൈസൽ എന്നിവർ പങ്കെടുത്തു.