ഉല്ലാസയാത്രകളിൽനിന്നു ലഭിച്ചത് 45.44 ലക്ഷം
1491977
Thursday, January 2, 2025 10:26 PM IST
തൊടുപുഴ: ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി തൊടുപുഴയിൽനിന്നു കഴിഞ്ഞ വർഷം നടത്തിയ ഉല്ലാസ യാത്രകളിൽനിന്നു കെഎസ്ആർടിസി നേടിയത് മികച്ച വരുമാനം. കഴിഞ്ഞ വർഷം 86 സർവീസുകളാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി വിവിധ മേഖലകളിലേക്ക് തൊടുപുഴ ഡിപ്പോയിൽനിന്നു നടത്തിയത്. 3842 യാത്രക്കാരാണ് വിവിധ ഉല്ലാസയാത്രകളിൽ പങ്കെടുത്തത്. 45,44,910 രൂപയാണ് ഒരു വർഷത്തിനിടെ സംഘടിപ്പിച്ച ഉല്ലാസ യാത്രകളിൽനിന്നു ഡിപ്പോയ്ക്ക് നേടാനായത്.
ഈ വർഷം അന്തർ സംസ്ഥാന ഉല്ലാസ യാത്രകളും ഡിപ്പോയിൽനിന്നു സംഘടിപ്പിച്ചു. കന്യാകുമാരി, മധുര എന്നിവിടങ്ങളിലേക്കാണ് അന്തർസംസ്ഥാന യാത്ര നടത്തിയത്. വിനോദയാത്രയ്ക്കായി കുറഞ്ഞ നിരക്കിൽ വ്യത്യസ്ത പാക്കേജുകൾ ഒരുക്കുന്നതിനാൽ എല്ലാ സർവീസുകൾക്കും മുൻകൂർ ബുക്കിംഗ് നടത്തിയാണ് സഞ്ചാരികൾ കാത്തിരിക്കുന്നത്. പരമാവധി യാത്രക്കാരെ ഉല്ലാസ യാത്രകളിൽ പങ്കെടുപ്പിക്കാൻ ജീവനക്കാരും മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കൂടുതൽ പേരും കുടുംബ സമേതമാണ് യാത്രകളിൽ പങ്കാളികളാകുന്നത്. കൂടാതെ സംഘമായി ട്രിപ്പ് ബുക്ക് ചെയ്യുന്നവരുമുണ്ടെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.
സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ അടിപൊളി യാത്രയും വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ഫീസ് നിരക്കുകളും ഭക്ഷണവും ഉൾപ്പെടെയുള്ള പാക്കേജുകളാണ് യാത്രക്കാർക്കായി ഒരുക്കുന്നത്. ഉല്ലാസക്കപ്പൽ യാത്ര, ജംഗിൾ സഫാരി, കടൽ, കായൽ സവാരി, തീർഥാടന കേന്ദ്രങ്ങളിലെ സന്ദർശനം തുടങ്ങി വ്യത്യസ്ത തരം ടൂർ പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കുന്നത്. ഏകദിന പാക്കേജാണ് കൂടുതലും നടത്തുന്നത്.
ഇതിനു പുറമേ ഓണക്കാലത്ത് ആറൻമുള വള്ള സദ്യയിൽ പങ്കെടുക്കാനും സർവീസ് നടത്തിയിരുന്നു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സീ അഷ്ടമുടിയിൽ കായലിലൂടെയുള്ള ഉല്ലാസയാത്രാ പാക്കേജും സീ കുട്ടനാട് എന്ന ബോട്ടിൽ പുന്നമടക്കായലിലൂടെ ആലപ്പുഴയുടെ ദൃശ്യമനോഹാരിത വീക്ഷിക്കാനുള്ള പാക്കേജും ഒരുക്കുന്നുണ്ട്. ഗവിയിലേക്കും പ്രത്യേക പാക്കേജ് ഒരുക്കിയിട്ടുണ്ട്. തൊടുപുഴ ഡിപ്പോയിൽനിന്നു കോന്നി അടവിയിലെത്തി ഇവിടെ കുട്ടവഞ്ചി സവാരി ആസ്വദിച്ച ശേഷമാണ് ഗവി യാത്ര.
ഫാസ്റ്റ് പാസഞ്ചർ ബസുകൾ റോഡിന് പര്യാപ്തമല്ലാത്തതിനാൽ ചെറിയ ഓർഡിനറി ബസിലാണ് യാത്ര ഒരുക്കുന്നത്. സൈലന്റ് വാലിയിലേക്കും സർവീസ് ആരംഭിച്ചിട്ടുണ്ട്. സീ കൊച്ചി എന്ന പേരിൽ പുതിയ സർവീസും ഡിപ്പോയിൽനിന്നു കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. കൊച്ചി നഗരത്തെയും കായലിനെയും പൂർണമായും ആസ്വദിക്കത്തക്ക വിധത്തിൽ സൂര്യാംശു എന്ന ബോട്ടിലാണ് വൈപ്പിൻ, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, ബോൾഗാട്ടി എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള കായൽ യാത്ര.
ഇതിനു പുറമേ പാഞ്ചാലിമേട്, തേക്കടി, രാമക്കൽമേട് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പുതിയ പാക്കേജും ആരംഭിക്കും. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന വയനാടൻ യാത്രയും ഉടൻ ആരംഭിക്കും. ജംഗിൾ സഫാരി ഉൾപ്പെടെയാണ് വയനാടൻ യാത്രയിൽ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ വാഗമണ്, മൂന്നാർ, മലക്കപ്പാറ, ചതുരംഗപ്പാറ മെട്ട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഉല്ലാസയാത്ര നടത്തിവരുന്നുണ്ട്.
സെൻട്രൽ സോണിൽ ബജറ്റ് ടൂറിസം യാത്രകളിലൂടെ ഏറ്റവും കൂടുതൽ വരുമാന നേട്ടമുണ്ടാക്കിയതും തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയാണ്. ജില്ലയിൽ മൂന്നാർ, കട്ടപ്പന, നെടുങ്കണ്ടം, കുമളി, മൂലമറ്റം എന്നിവിടങ്ങളിൽനിന്നു ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്.