യാത്രയായത് ഏഴുപതിറ്റാണ്ട് അറിവിന്റെ ജ്യോതിസ് പകർന്ന ഗുരുശ്രേഷ്ഠൻ
1491971
Thursday, January 2, 2025 10:26 PM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: അനേകായിരങ്ങൾക്ക് അറിവിന്റെ ജ്യോതിസ് പകർന്നു നൽകി വാഴക്കുളം വേങ്ങച്ചുവട് കല്ലുങ്കൽ പ്രഫ.ജോർജ് ജയിംസ് (92) യാത്രയായ.
അധ്യാപനത്തിനു പുറമെ മികച്ച പ്രഭാഷകൻ, പുസ്തകരചയിതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിക്കാൻ ഇദ്ദേഹത്തിനായി. മൂവാറ്റുപുഴ നിർമല കോളജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു വിരമിച്ചെങ്കിലും മരണദിനംവരെ തൊടുപുഴയിലെ സ്വകാര്യകോളജിൽ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
വാഴക്കുളത്തെ മലഞ്ചരക്ക് വ്യാപാരിയും മികച്ച കർഷകനുമായിരുന്ന വേങ്ങച്ചുവട് കല്ലുങ്കൽ പരേതരായ ചാക്കോ വർഗീസിന്റെയും മറിയാമ്മയുടെയും രണ്ടാമത്തെ മകനാണ് ഇദ്ദേഹം.
വിരമിച്ച ശേഷം 32 വർഷം കൂടി ഈ രംഗത്ത് വിജ്ഞാന വചസുകൾ പകർന്നു നൽകി എന്നതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. അധ്യാപനമെന്നത് ശിഷ്യരുടെ ഹൃദയത്തിലേക്കുള്ള അറിവിന്റെ തീർഥയാത്രയായാണ് ഇദ്ദേഹം കണ്ടിരുന്നത്.
ഏഴുപതിറ്റാണ്ട് കാലയളവിലെ സേവനത്തിലൂടെ മൂന്നു തലമുറകൾക്ക് അറിവിന്റെ ജ്യോതിസ് തെളിച്ചു നൽകാൻ ജോർജ് സാറിനായി. ഐഎഎസ് ആയിരുന്നു ഇദ്ദേഹത്തിന്റെ സ്വപ്നം. പരീക്ഷയിൽ 23-ാം റാങ്ക് നേടാനായെങ്കിലും ആ സ്വപ്നം സഫലമായില്ല. തുടർന്നാണ് അധ്യാപനത്തിലേക്ക് തിരിഞ്ഞത്.
വായനയായിരുന്നു പ്രധാന ഹോബി. രാവിലെ ഒരു മണിക്കൂറെങ്കിലും പത്രം വായിക്കും. ആംഗലേയ സാഹിത്യകാരൻമാരുടെ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നു.
പിഡിസി, ബിരുദ വിദ്യാർഥികൾക്കായി യൂണിവേഴ്സിറ്റി ശിപാർശ ചെയ്ത പുസ്തകങ്ങളിൽ അഞ്ചെണ്ണം ഇദ്ദേഹം എഴുതിയവയാണ്.
എംജി യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്സിൽ അംഗം, സബ്ജക്ട് എക്സ്പേർട്ട്, മൂന്നുവട്ടം വാഴക്കുളം സഹകരണബാങ്ക് പ്രസിഡന്റ്, തൊടുപുഴ ഉപാസന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ബോർഡംഗം, വാഴക്കുളം സെന്റ് ജോർജ് ആശുപത്രി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലെല്ലാം ശോഭിക്കാൻ ജോർജ് സാറിന് കഴിഞ്ഞു.
സംസ്കാരം നാളെ 1.30നു വാഴക്കുളം സെന്റ് ജോർജ് ഫൊറോനപള്ളിയിൽ നടക്കും. ഭാര്യ സിസിലി കുണ്ടൂർ ചക്യത്ത് കുടുംബാംഗം.
മക്കൾ: ജോജി, ജോസ്, ജീന, ജിമ്മി. മരുമക്കൾ: ലവറ്റ തലയോടിൽ (കൂത്താട്ടുകുളം), ജോസ് ഇല്ലിപറന്പിൽ (കോതമംഗലം), സിന്ധു വാണിയകിഴക്കേൽ (വണ്ടമറ്റം), അനു കോന്തുരുത്തി (കലൂർ).