യുവാവിനെതിരേ കള്ളക്കേസ്: അന്വേഷണം വേണം
1491967
Thursday, January 2, 2025 10:25 PM IST
മുട്ടം: എള്ളുംപുറം സെറ്റിൽമെന്റിലെ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് നടപടിക്കെതിരേ സമഗ്ര അന്വേഷണം വേണമെന്ന് മുട്ടം പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. തൊടുപുഴയിലെ അരിപ്ലാവൻ ഫൈനാൻസിനെതിരേ നടന്ന പ്രക്ഷോഭ സമരത്തിൽ മുൻനിര പ്രവർത്തകനായിരുന്ന യുവാവിനോടുള്ള വിരോധം നിമിത്തം കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്.
ഇതു സംബന്ധിച്ച് യുവാവ് നൽകിയ പരാതിയിൽ എക്സൈസ് ക്രൈബ്രാഞ്ച് സെൻട്രൽ സോണ്‍ അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണം നടത്തിവരികയാണ്. അന്വേഷണം അട്ടിമറിക്കുന്നതിനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് യുവാവിന്റെ പിതാവിന്റെ പുരയിടത്തിൽനിന്നു വൻതോതിൽ കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെടുത്ത് പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ചില എക്സൈസ് ഉദ്യോഗസ്ഥരുടെയും ബ്ലേഡ്, മയക്കുമരുന്ന് മാഫിയാ സംഘത്തിന്റെയും ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നുള്ള ജനകീയ പ്രക്ഷോഭ സമിതിയുടെ പരാതിയിേന്മേലാണ് പഞ്ചായത്ത് ഭരണസമിതി ഉന്നത അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, എക്സൈസ് മന്ത്രി എന്നിവർക്ക് പരാതി നൽകിയത്.