ചപ്പാത്ത് കൊച്ചുപാലം പൊളിച്ചു
1492245
Friday, January 3, 2025 10:25 PM IST
ഉപ്പുതറ: ചപ്പാത്ത് പാലം പൊളിച്ചു. പുതിയ പാലം പണിയാൻ നടപടി തുടങ്ങി. ഇതോടെ രാജഭരണ കാലത്ത് നിർമിച്ച ഒരു പാലം കൂടി വിസമൃതിയിലാണ്ടുപോകുകയാണ്. പാലംപൊളിച്ച് പണിയണമെന്ന വികസനസമിതിയുടെ ആവശ്യം അംഗീകരിച്ചാണ് ആംഗൂർ റാവുത്തർ നിർമിച്ച പാലം പൊളിച്ചുപണിയുന്നത്.
രാജഭരണകാലത്ത് ആംഗൂർ റാവുത്തർക്ക് തടി കടത്തിക്കൊണ്ട് പോകാൻ നിർമിച്ചതാണ് ചപ്പാത്തിലെ കൊച്ചുപാലവും ചപ്പാത്തും.
ചപ്പാത്ത് ഉണ്ടായിരുന്നതിനാൽ ഇവിടം ചപ്പാത്ത് എന്നറിയപ്പെട്ടു. വെള്ളം ഉയരുമ്പോൾ ചപ്പാത്തിൽ അപകടം തുടർക്കഥയായതോടെ ചപ്പാത്ത് പൊളിച്ച് വലിയ പാല നിർമിച്ചു.
എന്നാൽ, കൊച്ചുപാലം നിലനിർത്തി. മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ടു കൊച്ചുപാലം പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമാകുകയായിരുന്നു. ഇതോടെയാണ് കൊച്ചുപാലം പൊളിച്ച് പുതിയത് നിർമിക്കാൻ തീരുമാനിച്ചത്. ബ്രേക്കർ ഉപയോഗിച്ചാണ് പാലം പൊളിക്കുന്നത്. നാലു മീറ്റർ വീതിയിലും 20 മീറ്റർ നീളത്തിലുമാണ് പുതിയ പാലം നിർമിക്കുന്നത്.