വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
1491974
Thursday, January 2, 2025 10:26 PM IST
മറയൂർ: കന്നുകാലിക്ക് തീറ്റക്കായി മരത്തിൽ കയറി ഇല വെട്ടുന്നതിനിടെ വൈദ്യുതി ലൈനിൽനിന്നു ഷോക്കറ്റ് യുവാവ് മരിച്ചു. മറയൂരിന് സമീപം ചട്ട മൂന്നാർ ടോപ് ഡിവിഷനിൽ തോട്ടം തൊഴിലാളി ഗണേശൻ (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
തേയില കമ്പനിയിലെ സ്ഥിരം തൊഴിലാളിയാണ് ഗണേശൻ. വൈകുന്നേരം ആറരയോടെ മരത്തിൽ കയറി ഇല വെട്ടുന്നതിനിടെ കൊമ്പ് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരത്തിൽതന്നെ കുടുങ്ങി മരിച്ച നിലയിലാണ് വ്യാഴാഴ്ച രാവിലെ ഇതിലൂടെ കടന്നുപോയവർ കണ്ടത്.
വെകുന്നേരങ്ങളിൽ കന്നുകാലിക്കുള്ള തീറ്റകൾ ശേഖരിച്ച് രാത്രി വൈകിയാണ് ഗണേശൻ വീട്ടിൽ വരാറുള്ളത്. ചില ദിവസങ്ങളിൽ കാപ്പിത്തോട്ടത്തിൽ രാത്രി കാവലിന് പോവുകയും ചെയ്യുമായിരുന്നു. ചിലപ്പോൾ കാവലിന് പോകുമെന്ന് പറഞ്ഞാണ് അന്ന് വീട്ടിൽനിന്ന് ഇറങ്ങിയതെന്നും അതിനാലാണ് രാത്രിയിൽ അന്വേഷിക്കാതിരുന്നതെന്നും വീട്ടുകാർ പറഞ്ഞു.
മറയൂർ പോലീസും വൈദ്യുതി വകുപ്പ് അധികൃതരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. ഭാര്യ: സുമതി. മക്കൾ: സുധൻ, നന്ദികൃഷ്ണൻ