കാഞ്ഞിരപ്പള്ളി രൂപതാദിന വിളക്ക് ചെല്ലാർകോവിലിൽ
1492246
Friday, January 3, 2025 10:25 PM IST
കാഞ്ഞിരപ്പള്ളി: രൂപതാദിനത്തിനൊരുക്കമായി ഫൊറോനയിലെ ഇടവകകളിലൂടെ പ്രയാണം ആരംഭിക്കുന്ന രൂപതാദിന വിളക്ക് അണക്കര സെന്റ് തോമസ് ഫൊറോന ഇടവകയിലെ പ്രാർഥനാദിനങ്ങൾ പൂർത്തിയാക്കി ചെല്ലാർകോവിൽ മാർ സ്ലീവ ഇടവകയിൽ എത്തിച്ചേർന്നു.
മേയ് 12ന് അണക്കരയിലാണ് രൂപതാ ദിനാഘോഷം നടത്തപ്പെടുന്നത്. 2024 മേയിൽ എരുമേലി ഫൊറോനയിൽ നടത്തപ്പെട്ട രൂപതാദിനത്തോടനുബന്ധിച്ച് ബിഷപ് മാർ ജോസ് പുളിക്കലിൽനിന്നു അണക്കര ഫൊറോന ഏറ്റുവാങ്ങിയ രൂപതാദിന വിളക്കാണ് ചെല്ലാർ കോവിലിലെത്തിച്ചേർന്നത്. അണക്കര ഇടവകയിൽനിന്നു ഫൊറോന വികാരി ഫാ. ജേക്കബ് പീടികയിൽ, കൈക്കാരൻമാരായ സണ്ണി പുതുപറമ്പിൽ, സേവ്യർ വിതയത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ചെല്ലാർ കോവിൽ ഇടവയിൽ എത്തിച്ചേർന്ന രൂപതാദിന വിളക്ക് ചെല്ലാർകോവിൽ മാർ സ്ലീവ പള്ളി വികാരി ഫാ. ജയിംസ് ഇലഞ്ഞിപ്പുറം, കൈക്കാരൻമാരായ ജോൺ ജേക്കബ് ചാത്തൻപാറ, ജോഷി പാറശേരിൽ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. സന്യാസിനികൾ ഉൾപ്പെടെയുള്ള വിശ്വാസിസമൂഹം സന്നിഹിതരായിരുന്നു.
1977ൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ ജൂബിലിക്കൊരുക്കമായ കർമപദ്ധതികൾ, മിശിഹാ വർഷം - 2025 ജൂബിലിയാചരണം എന്നിവയോടനുബന്ധിച്ചാണ് ഈ വർഷത്തെ രൂപതാദിനാചരണം ക്രമീകരിച്ചിരിക്കുന്നത്.
2024 മേയ് 12ന് അണക്കരയിൽ നടത്തപ്പെടുന്ന രൂപതാദിനത്തിനൊരുമായി വൈദിക -സന്യസ്ത യോഗങ്ങൾ, ഇടവക പ്രതിനിധികളുടെ മേഖലാടിസ്ഥാനത്തിലുള്ള യോഗങ്ങൾ എന്നിവ നടത്തപ്പെടും. അണക്കര ഫൊറോന വികാരി ഫാ. ജേക്കബ് പീടികയിലിന്റെ നേതൃത്വത്തിൽ വൈദികരും സന്യസ്തരു മുൾപ്പെടെയുള്ള വിശ്വാസീസമൂഹം ക്രമീകരണങ്ങൾക്ക് നേതൃത്വം വഹിക്കും.