ആലക്കോട് സ്കൂളിന്റെ പുനർനിർമിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തി
1491970
Thursday, January 2, 2025 10:25 PM IST
ആലക്കോട്: നാടിന്റെ പുരോഗതിക്ക് വിദ്യാലയങ്ങൾക്കുള്ള പങ്ക് ഏറെ വലുതാണെന്നും പ്രഥമിക വിദ്യാലയങ്ങൾ ഒരുപ്രദേശത്തിന്റെ അക്ഷരജ്യോതിസാണെന്നും പി.ജെ. ജോസഫ് എംഎൽഎ.ആലക്കോട് ഇൻഫന്റ് ജീസസ് എൽപി സ്കൂളിന്റെ ആധുനികരീതിയിൽ പുനർനിർമിച്ച മന്ദിരത്തിന്റെയും ശതാബ്ദി ആഘോഷങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സ്കൂൾ മന്ദിരത്തിന്റെ വെഞ്ചരിപ്പ് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ബിഷപ് അധ്യക്ഷത വഹിച്ചു. നവീകരിച്ച സ്കൂൾ ആലക്കോട് നിവാസികൾക്കുള്ള പുതുവത്സര സമ്മാനമാണെന്ന് ബിഷപ് പറഞ്ഞു.
കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ ശിലാഫലക അനാച്ഛാദനവും മുഖ്യപ്രഭാഷണവുംനടത്തി. കോതമംഗലം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. മാത്യു മുണ്ടയ്ക്കൽ ജൂബിലി എംബ്ലം പ്രകാശനം ചെയ്തു.
സ്കൂളിലെ കിഡ്സ് വേൾഡ് ഉദ്ഘാടനം കലയന്താനി സെന്റ് മേരീസ് പള്ളി വികാരി ഫാ. ഫ്രാൻസിസ് കീരംപാറയും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലവും ഡിജിറ്റൽ ബോർഡ് പ്രകാശനം ആലക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴിയും നിർവഹിച്ചു.
ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു ഫോട്ടോ അനാച്ഛാദനം ചെയ്തു. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ സപ്ലിമെന്റ് പ്രകാശനം ചെയ്തു. വാർഡ് മെംബർ കിരണ്‍ രാജു, എഇഒ കെ.ബിന്ദു, പൂർവ അധ്യാപക പ്രതിനിധി അഗസ്റ്റിൻ കല്ലിടുക്കിൽ, ഇടവക പ്രതിനിധി ജോയി മുട്ടത്ത് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ മാനേജർ ഫാ. ജോസഫ് അത്തിക്കൽ സ്വാഗതവും ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ് നന്ദിയും പറഞ്ഞു.