ഉപ്പുതറ ഗവ. ആശുപത്രിയിൽ ഇവനിംഗ് ഒപിയും കിടത്തിച്ചികിത്സയും നി ർ ത്തി
1491969
Thursday, January 2, 2025 10:25 PM IST
ഉപ്പുതറ: സ്ഥിരം ഡോക്ടർമാർ ഇല്ലാത്തതിനെത്തുടർന്ന് ഉപ്പുതറ കമ്യൂണിറ്റി സെന്ററിൽ ബുധനാഴ്ച മുതൽ ഈവനിംഗ് ഒപിയും കിടത്തി ചികിത്സയും നിർത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈവനിംഗ് ഒ പി യും കിടത്തി ചികിത്സയും ഇല്ലന്ന് ഡിസംബർ 31 ന് നോട്ടീസ് പതിപ്പിച്ച് അറിയിപ്പു നൽകി.
ബ്ലോക്ക് കമ്യൂണിറ്റി ഹെൽത്ത് സെന്ററായ ഉപ്പുതറ സർക്കാർ ആശുപത്രിയിൽ സിവിൽ സർജൻ ഉൾപ്പെടെ ഏഴ് സ്ഥിരം ഡോക്ടർമാരുടെ സേവനം വേണ്ടതാണ്.
എന്നാൽ, കരാർ അടിസ്ഥാനത്തിലുള്ള മൂന്നു ഡോക്ടർമാർ മാത്രമാണ് ഇപ്പോൾ ഡ്യൂട്ടിയിലുള്ളത്. ഇവർ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 1.30 വരെ ഒപി യിലുണ്ടാകും.
കണ്ണംപടി വനമേഖലയിലെ 12 ആദിവാസിക്കുടിയിലേയും പൂട്ടിക്കിടക്കുന്ന നാല് വൻകിട തേയിലത്തോട്ടങ്ങളിലേയും പാവപ്പെട്ടവർ ഉൾപ്പെടെ നൂറുകണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയാണിത്.
അയ്യപ്പൽകോവിൽ (ആലടി) ഫാമിലി ഹെൽത്ത് സെന്ററിലെ (എഫ്എച്ച്സി) മെഡിക്കൽ ഓഫീസർക്കാണ് സിഎച്ച്സിയുടെ ചുമതല നൽകിയിരിക്കുന്നത്. വളരെ തിരക്കുള്ള ആശുപത്രിയാണ് ആലടി എഫ്എച്ച്സി. ഫലത്തിൽ ചുമതലയുള്ള ഡോക്ടറുടെ സേവനം ഉപ്പുതറയിൽ ലഭിക്കില്ല.