എം.എം. മണി എംഎൽഎയുടെ ക്രൂരവിനോദം അവസാനിപ്പിക്കണം: ജോയി വെട്ടിക്കുഴി
1491698
Wednesday, January 1, 2025 11:23 PM IST
കട്ടപ്പന: നിക്ഷേപം തിരിച്ചുകിട്ടാതെ ആത്മഹത്യ ചെയ്ത സാബു തോമസ് മനോരോഗിയാണെന്നു പ്രചരിപ്പിച്ച് മക്കൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളുടെ ഹൃദയം തകർക്കുന്ന എം.എം. മണി എംഎൽഎയുടെ ക്രൂരവിനോദം അവസാനിപ്പിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി.
തങ്ങളുടെ കുടുംബനാഥൻ അധ്വാനിച്ചുണ്ടാക്കിയ പണം നിക്ഷേപിച്ചത് തിരിച്ചുകിട്ടാതെ അപമാനിതനായി, ഭീഷണിക്ക് വിധേയനായി ജീവൻ തന്നെ നഷ്ടപ്പെടുത്തേണ്ടി വന്നതിനുശേഷം അദ്ദേഹം മനോരോഗിയാണെന്ന് പ്രചരിപ്പിച്ച് മരണപ്പെട്ട വ്യക്തിയെ അപമാനിക്കുന്നതും ജീവിച്ചിരിക്കുന്നവരെ വേദനിപ്പിക്കുന്നതും മനുഷ്യത്വരഹിതമായ നടപടിയാണ്. സാബു മനോരോഗിയാണെന്ന് പ്രചരിപ്പിക്കുന്നവർക്ക് എങ്ങനെയാണ് തങ്ങൾ കുടുംബത്തോടൊപ്പമാണെന്ന് പറയുവാൻ സാധിക്കുന്നത്.
പാർലമെന്റിലേക്ക് ഒന്നരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഡീൻ കുര്യാക്കോസിനെ ശവം ചുമട്ടുകാരൻ എന്നൊക്കെ ആക്ഷേപിക്കുന്നത് ജനാധിപത്യ ശൈലിക്ക് ചേർന്നതല്ല. സിപിഎം കൊലപ്പെടുത്തിയ ശരത് ലാൽ, കൃപേഷ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ടി വന്ന നേതാവാണദ്ദേഹമെന്നത് വിസ്മരിക്കരുത്. കുട്ടമ്പുഴയിൽ എൽദോസിനെ കാട്ടാന കൊലപ്പെടുത്തിയപ്പോൾ ശവം ചുമന്നവരുടെ കൂട്ടത്തിൽ സിപിഎമ്മിന്റെ കോതമംഗലം എംഎൽഎ ആന്റണി ജോൺ എന്തിനാണ് ചുമക്കാൻ വന്നതെന്ന് സിപിഎം വ്യക്തമാക്കണം.
കള്ള പ്രചാരണം നടത്തി സാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ സംരക്ഷിക്കുന്നതിനുള്ള സിപിഎം നീക്കം അവസാനിപ്പിച്ച് മകന്റെ മരണം താങ്ങാൻ കഴിയാതെ അമ്മ കൂടി മരിക്കാൻ ഇടയായ ആ കുടുംബത്തിന് നീതി നടത്തിക്കൊടുക്കുവാൻ ഭരണത്തിലിരിക്കുന്നവർ തയാറായില്ലെങ്കിൽ നീതിക്കുവേണ്ടി യുഡിഎഫ് കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് ജോയി വെട്ടിക്കുഴി അറിയിച്ചു.
മണിയുടെ മനോനില
പരിശോധിക്കണം: കോണ്‍ഗ്രസ്
കട്ടപ്പന: കട്ടപ്പനയില്‍ ജീവനൊടുക്കിയ വ്യാപാരി മുളങ്ങാശേരിയില്‍ സാബുവിനെയും കുടുംബത്തെയും അധിക്ഷേപിച്ച എം. എം. മണിയുടെ മനോനില അടിയന്തരമായി പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ജനുവരി ആറിന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കട്ടപ്പനയിലെത്തി സാബുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. ഒൻപതിന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
സാബുവിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാന്‍ മുന്‍ മന്ത്രിയെ കട്ടപ്പനയില്‍ കൊണ്ടുവന്ന് സാബുവിനെയും കുടുംബത്തെയും അപമാനിക്കുന്നത് നോക്കിനില്‍ക്കാനാകില്ല. ശരിയായ മനോനിലയുള്ള ആര്‍ക്കും ഇത്തരം പ്രസ്താവന നടത്താനാകില്ല. ആരെയും അപമാനിക്കുകയും പുലഭ്യം പറയുകയും ചെയ്യുന്ന എം.എം. മണിയുടെ മനോനിലയാണ് പരിശോധിക്കേണ്ടതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
സാബുവിന്റെ മരണത്തിന്റെ യഥാര്‍ഥ ഉത്തരവാദിയായ സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയെ കേസില്‍ പ്രതി ചേര്‍ത്ത് അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും എഐസിസി അംഗം അഡ്വ. ഇ. എം. ആഗസ്തി, കെപിസിസി സെക്രട്ടറി തോമസ് രാജന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.