തിരുശേഷിപ്പ് വണക്കം ആരംഭിച്ചു
1491692
Wednesday, January 1, 2025 11:23 PM IST
ഉപ്പുതറ: വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും തിരുശേഷിപ്പുകൾ വണങ്ങാൻ അപൂർവ അവസരം ഒരുക്കി പരപ്പ് മാർത്തോമ്മ സിഎംഐ ഭവൻ. കാർലോ അക്വിറ്റി ഫൗണ്ടേഷനും ഇന്ത്യൻ ഏഷ്യൻ ഫൗണ്ടേഷനും സംയുക്തമായാണ് തിരുശേഷിപ്പ് പ്രദർശനവും വണക്കവും സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നലെ ആരംഭിച്ച പ്രദർശനം മൂന്നുവരെയുണ്ട്.
കത്തോലിക്ക സഭയിലെ 1,500ലധികം വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും തിരുശേഷിപ്പുകളാണ് വണക്കത്തിനായി ക്രമീകരിച്ചിരിക്കുന്നത്. പരപ്പ് സിഎംഐ ഭവനിലെ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനോടനുബന്ധിച്ചാണ് അത്യപൂർവമായ തിരുശേഷിപ്പ് വണക്കം നടക്കുന്നത്.
യേശുക്രിസ്തുവിനെ തറച്ച വിശുദ്ധ കുരിശിന്റെ ഭാഗങ്ങൾ, തലയിൽ വച്ച മുൾക്കിരീടത്തിന്റെ അംശങ്ങൾ, ഒന്നാം നൂറ്റാണ്ടു മുതൽ അടുത്ത ഏപ്രിലിൽ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നവരുടെ വരെ തിരുശേഷിപ്പുകൾ ഉണ്ട്.
റോമിൽനിന്നു വിവിധ രാജ്യങ്ങളിൽനിന്നുമായി 25 വർഷത്തെ ശ്രമഫലമായാണ് സഭാധികൃതരുടെ സാക്ഷ്യപത്രങ്ങളോടെ തിരുശേഷിപ്പുകൾ ഫൗണ്ടേഷന് ലഭിച്ചത്. 24 സ്ഥലത്ത് പ്രദർശനവും വണക്കവും ഒരുക്കിയതിന് ശേഷമാണ് പരപ്പ് സിഎംഐ മാർത്തോമ്മ ഭവനിൽ എത്തിയത്. തിരുശേഷിപ്പ് വണക്കത്തിനും പ്രദർശനത്തിനും ഏതെങ്കിലും ഇടവക അധികൃതർ ആവശ്യമുന്നയിച്ചാൽ പ്രദർശനവും വണക്കവും ഒരുക്കാൻ ഫൗണ്ടേഷൻ തയാറാണന്നും അറിയിച്ചിട്ടുണ്ട്.
ആദ്യദിവസം തന്നെ തിരുശേഷിപ്പ് കാണാനും വണങ്ങാനും ധാരാളം വിശ്വാസികളാണ് എത്തിയത്. ഫാ. ജയിംസ് നീണ്ടുശേരിൽ. ഫാ. ലിജോ കൊച്ചുവീട്ടിൽ, ഫാ. ജോൺസൺ പന്തനാനിക്കൽ എന്നിവരുടെ മേൽനോട്ടത്തിലാണ് വണക്കവും പ്രദർശനവും നടക്കുന്നത്.