മാനസികനില തകരാറിലായത് ആര്‍ക്കെന്ന് ജനം പരിശോധിക്കട്ടെ: കേരള കോൺ.
1491480
Wednesday, January 1, 2025 4:03 AM IST
നെടുങ്കണ്ടം: കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ ഉദ്യോഗസ്ഥരും സിപിഎമ്മും ചേര്‍ന്ന് പണം തട്ടിയ ശേഷം ഒരു വ്യാപാരിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിനെ ന്യായീകരിച്ച് ഉടുമ്പന്‍ചോല എംഎല്‍എ നടത്തിയ പരാമര്‍ശം അനൗചിത്യവും അഹങ്കാരവും നിറഞ്ഞ നടപടിയാണെന്ന് കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ഇടപ്പള്ളിക്കുന്നേല്‍ ആരോപിച്ചു.
ഒരു സാധുവായ വ്യാപാരിയുടെ പണം നിക്ഷേപമായി സ്വീകരിച്ച ശേഷം ആ വ്യക്തി പണം തിരികെ ചോദിച്ചപ്പോള്‍ കൈകാര്യം ചെയ്യുമെന്നും പണി തരുമെന്നും ഭീഷണിപ്പടുത്തിയ നേതാവും ആ ദാരുണമായ സംഭവത്തെ വളരെ മോശമായി ചിത്രീകരിക്കുകയും ചെയ്ത ഉടുമ്പന്‍ചോല എംഎല്‍എയും ഏതു ലോകത്താണ് ജീവിക്കുന്നതെന്നറിയില്ല.
ഇത്തരം നീചമായ അഭിപ്രയാങ്ങള്‍ ഇടതു നേതാക്കള്‍ പരസ്യമായി പറയുകയും ആ കുടുംബത്തെ അപമാനിക്കുകയും ചെയ്തത് സിപിഎമ്മിന്റെ അഹങ്കാര രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ്. ഈ നിലപാടുകള്‍ വിശദീകരിക്കാന്‍ കട്ടപ്പന ടൗണിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ചു നടുറോഡില്‍ മണിക്കൂറുകളോളം നടത്തിയ തെരുവുനാടകം ജനങ്ങളെ വെല്ലുവിളിക്കുന്നതാണ്.
കോടതി ഉത്തരവുകള്‍ക്കുപോലും പുല്ലുവില കല്‍പ്പിക്കുന്ന സിപിഎമ്മും ഇടതുപക്ഷവും കേരളത്തിലെ ജനങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തി കൊള്ളയടിക്കാനും ഗുണ്ടാ രാഷ്ട്രീയം നടപ്പാക്കാനുമാണ് ശ്രമിക്കുന്നത്. ഇതിന് ജനങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും. കോടതിയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ജോജി ആവശ്യപ്പെട്ടു.