പരന്പരാഗത രീതികളോടെ നവവത്സരം ആഘോഷിച്ച് മൂന്നാർ
1491966
Thursday, January 2, 2025 10:25 PM IST
മൂന്നാർ: പരന്പരാഗതമായ രീതികളുമായി മൂന്നാർ നവവത്സരം ആഘോഷിച്ചു. മലയാളം-തമിഴ് സംസ്കാരങ്ങൾ ഇടകലർന്ന മൂന്നാറിലെ പുതുവർഷ ആഘോഷങ്ങൾക്ക് പ്രത്യേകതകൾ ഏറെയാണ്.
പരന്പരാഗത വിശ്വസങ്ങളിലും ആചാരങ്ങളിലും ഉൗന്നിയാണ് തൊഴിലാളികൾ പുതുവത്സരം ആഘോഷിച്ചത്. മലയാളത്തിനും തമിഴിനും പ്രത്യേക പുതുവർഷപ്പുലരികൾ ഉണ്ടെങ്കിലും മൂന്നാറിലെ പുതുവത്സരത്തിന് മാറ്റു കുറയുന്നില്ല. പുതുവത്സരത്തിന് നാരങ്ങ കൈമാറുതാണ് അതിൽ ഏറ്റവും പ്രധാനം.
വീടുകളിൽ ചെറിയ കുട്ടികൾ മുതിർന്നവർക്ക് നാരങ്ങ കൈമാറി. ചിലർ നാരങ്ങയ്ക്ക് പകരം ആപ്പിളാണ് കൈമാറുന്നത്. കുട്ടികൾ ഇവ നൽകുന്പോൾ മുതർന്നവർ കുട്ടികൾക്കു കൈനീട്ടമായി പണം നൽകണം.
പൂക്കളും നവവത്സരാംശസകളിലെ താരമാണ്. ജമന്തിയും മുല്ലയും വാടാമല്ലിയുമാണ് പ്രധാനമായും കൈമാറുന്നത്. വീട്ടിലെ കാരണവർക്ക് ഈ പൂക്കൾകൊണ്ട് കുടുംബാംഗങ്ങൾ ഹാരമണിയിക്കുന്നതും പതിവാണ്.
പുതുവത്സര ദിനത്തിൽ തേയിലത്തോട്ടത്തിൽ നിരവധി തൊഴിലാളികളാണ് മേലുദ്യോഗസ്ഥർക്ക് ഹാരമണിയിച്ചത്. സമ്മാനങ്ങളായ നാരങ്ങയും ആപ്പിളും പൂക്കളുമെല്ലാം വില്പനയ്ക്കായി തമിഴ്നാട്ടിൽനിന്നാണ് എത്തിച്ചത്.