കല്ലാര്‍ പുഴയിൽ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു
1491483
Wednesday, January 1, 2025 4:03 AM IST
നെടുങ്കണ്ടം: തെളിനീര് ഒഴുകിയിരുന്ന കല്ലാര്‍ പുഴ ഇപ്പോള്‍ മാലിന്യവാഹിനിയായി. പുഴയുടെ ഉത്ഭവംമുതൽ അവസാനിക്കുന്നിടം വരെ മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുകയാണ്. ഇടുക്കി ജലാശയത്തിലേക്ക് വെള്ളമെത്തിക്കുന്ന കല്ലാര്‍ പുഴയില്‍ കൂട്ടാര്‍, തൂക്കുപാലം, നെടുങ്കണ്ടം മേഖലകളിലാണ് മാലിന്യം തള്ളുന്നത്. ജലനിധി ഉള്‍പ്പെടെ നിരവധി ശുദ്ധജല പദ്ധതികളുള്ള പുഴയില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പകര്‍ച്ച വ്യാധി ഭീഷണിയും ഉയര്‍ത്തുകയാണ്.
പ്ലാസ്റ്റിക്, അടുക്കള മാലിന്യങ്ങള്‍ക്ക് പുറമേ കക്കൂസ് മാലിന്യവും ഡയപ്പറുകളും സാനിട്ടറി നാപ്കിനുകളും മെഡിക്കല്‍ മാലിന്യങ്ങളും കുപ്പികളും വരെ ഒരു നിയന്ത്രണവുമില്ലാതെ പുഴയില്‍ തള്ളുകയാണ്. ഇതോടെ പുഴയുടെ പല ഭാഗങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടി പുഴയിലെ വെള്ളം പുറമേ കാണാന്‍ സാധിക്കാത്ത നിലയിലായിട്ടുണ്ട്.
കാലങ്ങളായി തുടരുന്ന മാലിന്യം തള്ളൽ തടയാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ദൂര സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നു പോലും ചാക്കില്‍ കെട്ടിയ മാലിന്യങ്ങള്‍ കല്ലാര്‍ പുഴയില്‍ തള്ളുന്നുണ്ട്.
കല്ലാര്‍ തുരങ്കം വഴി ഇരട്ടയാര്‍ ഡാമിലേക്കും തുടര്‍ന്ന് ഇരട്ടയാര്‍ തുരങ്കം വഴി അഞ്ചുരുളിയിലുമാണ് കല്ലാറിലെ ജലമെത്തുന്നത്. മാലിന്യങ്ങൾ തുരങ്ക മുഖങ്ങളിലെ അഴികളില്‍ തടയുന്നത് നീരൊഴുക്കിനും തടസം സൃഷ്ടിക്കുകയാണ്. കര്‍ശന നിരീക്ഷണ സംവിധാനങ്ങളൊരുക്കി പുഴയില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.