റോഡുകളുടെ നവീകരണത്തിന് 3.86 കോടി
1491701
Wednesday, January 1, 2025 11:23 PM IST
തൊടുപുഴ: നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 3.86 കോടിയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പിൽനിന്നു ലഭിച്ചതായി പി. ജെ. ജോസഫ് എംഎൽഎ അറിയിച്ചു.
റണ്ണിംഗ് കോണ്ട്രാക്ട് പ്രകാരമുള്ള പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ ആരംഭിച്ചതായും അടുത്ത മഴക്കാലത്തിനു മുന്പായി നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കാൻ നടപടി കൈക്കൊള്ളണമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ എംഎൽഎ നിർദേശിച്ചു.
കാരിക്കോട്- തെക്കുംഭാഗം-അഞ്ചിരി റോഡിന്റെ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം. കുടിവെള്ള വിതരണ ലൈനുകൾ തകരാറിലായതും വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികളും വാട്ടർ അഥോറിട്ടിയും കെഎസ്ഇബിയും ഉടൻ പരിഹരിക്കണം. വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനാവശ്യമായ തുക പൊതുമരാമത്ത് വകുപ്പ് കെഎസ്ഇബിക്ക് നൽകണം. ഒരാഴ്ചയ്ക്കുള്ളിൽ പോസ്റ്റുകൾ മുഴുവൻ മാറ്റി സ്ഥാപിക്കണമെന്നും എംഎൽഎ നിർദേശിച്ചു.
മാരിയിൽ കലുങ്ക് പാലം അപ്രോച്ച് റോഡിന്റെ അവശേഷിക്കുന്ന ജോലികൾ പുനരാരംഭിക്കണം. കാഞ്ഞിരമറ്റം ഭാഗത്തെ നിർമാണ പ്രവൃത്തികൾ ആരംഭിക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്നും ഈ മാസം ആദ്യം തന്നെ നിർമാണം തുടങ്ങണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. റിവർവ്യൂ റോഡിന്റെ അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കണം.
കാരിക്കോട്-ചുങ്കം ബൈപാസ് റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൈപ്പ് സ്ഥാപിച്ചതിനെത്തുടർന്ന് തകർന്ന മുട്ടം-ചള്ളാവയൽ റോഡ് ഗതാഗത യോഗ്യമാക്കണം. നെയ്യശേരി-തോക്കുന്പൻസാഡിൽ റോഡിന്റെ നിർമാണം വേഗത്തിലാക്കണം. ചെപ്പുകുളം പാലം പുനർനിർമിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും ജോസഫ് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ ജയ പി. ജോസ്, എക്സിക്യൂട്ടീവ് എൻജിനിയർ സി.കെ. പ്രസാദ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ യു. എം. ശൈലേന്ദ്രൻ, ജല അഥോറിട്ടി എക്സിക്യൂട്ടീവ് എൻജിനിയർ ടി.എൻ. സജി, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർ സൽമ തുടങ്ങിയവർ പങ്കെടുത്തു.