തീപിടിത്തം പരിഭ്രാന്തി പരത്തി
1491964
Thursday, January 2, 2025 10:25 PM IST
ഉടുന്പന്നൂർ: പെരിങ്ങാശേരിയിൽ കെട്ടിടത്തിന് മുകളിലെ പുകപ്പുരയിലുണ്ടായ അഗ്നിബാധ വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ പരിഭ്രാന്തിയിലാക്കി. ബുധനാഴ്ച രാത്രി 10.45ഓടെയാണ് സംഭവം. ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിന് സമീപം കുന്നപ്പിള്ളിൽ തങ്കച്ചൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ബിൽഡിംഗിന്റെ ഏറ്റവും മുകളിലാണ് തീപിടിത്തം ഉണ്ടായത്. മൂന്നുനിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലാണ് വീട്ടുടമസ്ഥർ താമസിക്കുന്നത്. തൊട്ടു മുകളിലെ നിലയിൽ അക്ഷയ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. ഇതിനു മുകളിലെ നിലയിലാണ് പുകപ്പുര സ്ഥാപിച്ചിട്ടുള്ളത്.
തീപിടിത്തം ഉണ്ടായപ്പോൾ ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വീട്ടിലെ ടാങ്കിൽനിന്നു വെള്ളമുപയോഗിച്ച് തീയണയ്ക്കാൻ ശ്രമം നടത്തി. തൊടുപുഴയിൽനിന്നു ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി. തോമസിന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി അഗ്നിബാധ നിയന്ത്രിക്കുകയായിരുന്നു. പുകപ്പുരയ്ക്ക് സമീപം വേഗത്തിൽ തീ പിടിക്കുന്ന വസ്തുക്കളായ ടയർ, പ്ലാസ്റ്റിക്, ചാക്കുകൾ മറ്റ് വിവിധ പാഴ്വസ്തുക്കൾ എന്നിവ സൂക്ഷിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇതിലേക്ക് തീ പടരാതെ നിയന്ത്രിച്ചുനിർത്താനായി.
3000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ളതാണ് കെട്ടിടം. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലാണ് കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ വ്യാപിക്കാതിരിക്കാൻ സഹായമായത്. തീപിടിത്തത്തിൽ 1.25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ പി.എൻ. അനൂപ് , ജയിംസ് പുന്നൻ, ബിബിൻ എ. തങ്കപ്പൻ, എൻ.എസ്. അജയകുമാർ, സച്ചിൻ സാജൻ, ജസ്റ്റിൻ ജോയി ഇല്ലിക്കൽ, മാത്യു ജോസഫ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.