ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു രാജിവച്ചു
1491704
Wednesday, January 1, 2025 11:23 PM IST
ഇടുക്കി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു സ്ഥാനം രാജിവച്ചു. എൽഡിഎഫ് മുന്നണി ധാരണപ്രകാരമാണ് രാജി. സിപിഎമ്മിന് രണ്ടു വർഷമായിരുന്നു പ്രസിഡന്റ് പദവി. ആദ്യ രണ്ടുവർഷം സിപിഐക്കായിരുന്നു പ്രസിഡന്റ് സ്ഥാനം. ജിജി കെ. ഫിലിപ്പ് സ്ഥാനം ഒഴിഞ്ഞതിനു ശേഷമാണ് കെ.ടി. ബിനു പ്രസിഡന്റായത്. ഇനി ഒരു വർഷം കേരള കോണ്ഗ്രസ്-എമ്മിന് പ്രസിഡന്റ് പദവി ലഭിക്കും. വണ്ടൻമേട് ഡിവിഷനിൽനിന്നുള്ള രാരിച്ചൻ നീറണാകുന്നേൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
സഹപ്രവർത്തകരും ജീവനക്കാരും ജില്ലയിലെ നിർവഹണ ഉദ്യോഗസ്ഥരും ചേർന്ന് കെ.ടി. ബിനുവിന് യാത്രയയപ്പ് നൽകി. വൈസ് പ്രസിഡന്റ് ആശ ആന്റണി അധ്യക്ഷത വഹിച്ചു. എഡിഎം ഷൈജു പി. ജേക്കബ്, പ്രഫ. എം.ജെ. ജേക്കബ്, ജോയിന്റ് ഡയറക്ടർ ട്രീസ ജോസ്, ജില്ലാ ആസൂത്രണ ഓഫീസർ ദീപ ചന്ദ്രൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ്, ഫിനാൻസ് ഓഫീസർ ജോബി ജോസഫ്, എക്സിക്യുട്ടീവ് എൻജിനിയർ സാറ സൂര്യ ജോർജ് എന്നിവർ പ്രസംഗിച്ചു. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഓഫീസിലെത്തി ആശംസ അറിയിച്ചു.