തൊടുപുഴ ഫയർഫോഴ്സ് നടത്തിയത് 467 രക്ഷാപ്രവർത്തനം
1491965
Thursday, January 2, 2025 10:25 PM IST
തൊടുപുഴ: കഴിഞ്ഞ ഒരു വർഷത്തിനിടെ തൊടുപുഴ അഗ്നി രക്ഷാ സേന നടത്തിയത് 467 രക്ഷാപ്രവർത്തനങ്ങൾ. അഗ്നിബാധയുമായി ബന്ധപ്പെട്ട് 127 ഇടങ്ങളിലാണ് ഫയർഫോഴ്സ് സംഘം ഓടിയെത്തിയത്. മറ്റ് വിവിധ രക്ഷാപ്രവർത്തനങ്ങൾക്കായി 317 സ്ഥലങ്ങളിലും അഗ്നിരക്ഷാ സേനയുടെ സേവനമെത്തി.
അസിസ്റ്റന്റ് കോളുകൾ-4, ആംബുലൻസ് ആവശ്യപ്പെട്ട് -4, ജലാശയവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ സഹായം അഭ്യർഥിച്ച്-15 എന്നിങ്ങനെയാണ് കഴിഞ്ഞ വർഷം നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ എണ്ണം.
കിണർ അപകടങ്ങളിൽനിന്നും മറ്റു വിവിധ അപകടങ്ങളിൽ നിന്നുമായി 81 മനുഷ്യ ജീവനുകളെയാണ് രക്ഷപ്പെടുത്തിയത്. ജലാശയ അപകടങ്ങളിലും മറ്റുമായി 18 ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇവിടെ മൃതദേഹവും മറ്റും കണ്ടെത്താൻ സ്കൂബാ ടീമിന്റെ സേവനം ഉറപ്പാക്കി. കിണറുകളിൽ അകപ്പെട്ട വളർത്തുമൃഗങ്ങളെ രക്ഷപ്പെടുത്തിയ 67 സംഭവങ്ങളും ഉണ്ടായി.
അഗ്നിബാധയുണ്ടായ ഇടങ്ങളിൽനിന്ന് ഏഴു കോടിയോളം രൂപയുടെ വസ്തുവകകൾ അഗ്നിരക്ഷാസേനയുടെ പ്രവർത്തനഫലമായി രക്ഷപ്പെടുത്താൻ സാധിച്ചു. ജില്ലയിലെ സ്കൂബാ ടീമും തൊടുപുഴ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
ജില്ലയ്ക്കകത്തും പുറത്തും ഉണ്ടായ അപകടങ്ങളിൽ സ്കൂബാ ടീം എത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. കൂടാതെ സ്കൂൾ അവധിക്കാലത്തും അല്ലാതെയുമായി നാഷണൽ സർവീസ് സ്കീമിലെ അംഗങ്ങൾക്കും വിവിധ സ്കൂളുകളിലെ കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി 50 ലധികം ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.