പാതയോരത്തെ അനധികൃത പാർക്കിംഗ്: സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ
1491479
Wednesday, January 1, 2025 4:00 AM IST
അടിമാലി: വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ അടിമാലി-മൂന്നാര്‍, മൂന്നാര്‍-മറയൂര്‍, മൂന്നാര്‍-കോവിലൂര്‍ മേഖലകളിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസുകള്‍ പ്രതിസന്ധി നേരിടുന്നതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് അടിമാലി യൂണിറ്റ് ഭാരവാഹികള്‍ പറയുന്നു.
അടിമാലി മുതല്‍ പാതയോരത്തെ അനധികൃത പാര്‍ക്കിംഗിനെ ത്തുടര്‍ന്നുണ്ടാകുന്ന ഗതാഗതക്കുരുക്കിൽപ്പെട്ട് സ്വകാര്യ ബസുകള്‍ക്ക് സമയ ക്ലിപ്തത പാലിച്ച് റൂട്ടുകളില്‍ ഓടിയെത്താന്‍ കഴിയാത്ത സ്ഥിതിയാണെന്നാണ് പരാതി.
ഗതാഗതക്കുരുക്കു മൂലം പാതി വഴിയില്‍ ബസുകള്‍ ട്രിപ്പുകള്‍ അവസാനിപ്പിക്കേണ്ടി വരികയാണെന്നും ഇതേത്തുടര്‍ന്ന് ബസ് സര്‍വീസുകള്‍ ഭാരിച്ച നഷ്ടത്തിലാകുന്നുവെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
മൂന്നാര്‍, കോവിലൂര്‍, മാട്ടുപ്പെട്ടി, കാന്തല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ അനധികൃത വാഹന പാര്‍ക്കിംഗ് വർധിച്ചിരിക്കുകയാണ്.
കൂമ്പന്‍പാറ, ഇരുട്ടുകാനം, ആനച്ചാല്‍ എന്നിവിടങ്ങളില്‍ റോഡിനോടു ചേര്‍ന്നുള്ള സിപ് ലൈനുമായി ബന്ധപ്പെട്ടുള്ള അനധികൃത പാര്‍ക്കിംഗും ബസ് ഗതാഗതം തടസപ്പെടുത്തുകയാണ്. ചോക്ലേറ്റ് ഫാക്ടറി, ഹോട്ടലുകള്‍, സ്പൈസസ് ഷോപ്പ് എന്നിവിടങ്ങളില്‍ എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗിനു പാതയോരമാണ് സ്ഥാപന ഉടമകള്‍ നല്‍കുന്നത്.
പ്രശ്ന പരിഹാരത്തിനായി പഞ്ചായത്ത്, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ ഇടപെടല്‍ ഉണ്ടാകണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളിലേക്ക് കടക്കുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് യൂണിറ്റ് പ്രസിഡന്റ് പി.സി. രാജന്, സെക്രട്ടറി സി.എ. നവാസ്, ജോ. സെക്രട്ടറി മെല്ബിന് ജോസ്, ട്രഷറര്‍ ജോഷി പി. ജോണ്‍ എന്നിവര്‍ അറിയിച്ചു.