ടെലിപ്രോംറ്ററിൽ വാർത്ത വായിക്കാനൊരുങ്ങി വിദ്യാര്‍ഥികൾ
1491694
Wednesday, January 1, 2025 11:23 PM IST
കുട്ടിക്കാനം: മാധ്യമ പഠന വിദ്യാര്‍ഥികള്‍ സ്വന്തമായി നിര്‍മിച്ച ടെലിപ്രോംറ്ററില്‍ വാര്‍ത്ത വായിക്കാനൊരുങ്ങുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. കുട്ടിക്കാനം മരിയന്‍ കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ സ്റ്റഡീസ് വിദ്യാര്‍ഥികള്‍ അധ്യാപകനായ എ.ആര്. ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തിലാണ് അപൂര്‍വനേട്ടം കൈവരിച്ചത്. കുറഞ്ഞ ചെലവില്‍ ടെലിപ്രോംറ്റര്‍ നിര്‍മിച്ചു മാധ്യമപഠനരംഗത്തു പുതിയ ചുവടുവയ്പ്പിനു തയാറാകുകയാണു വിദ്യാര്‍ഥികള്‍.
ടെലിപ്രോംറ്ററുകള് നിര്‍മിച്ചു മിതമായ നിരക്കില്‍ സ്കൂളുകളിലും കോളജുകളിലും മറ്റ് മാധ്യമസ്ഥാപനങ്ങളിലും വിതരണം ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണു വിദ്യാര്‍ഥികള്‍. കോളജിന്റെ പ്രോത്സാഹനത്തോടും പിന്തുണയോടും ലഭിച്ച ആദ്യമായി നിര്‍മിച്ച ടെലിപ്രോംറ്ററിന്റെ ഉദ്ഘാടനം കോളജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോസഫ് പൊങ്ങന്താനത്ത് നിര്‍വഹിച്ചു. ഡയറക്ടര്‍ പ്രഫ. എം. വിജയകുമാര്‍, ഡിപ്പാര്‍ട്ടുമെന്റ് മേധാവി ഫാ. സോബി തോമസ് കന്നാലില്‍, അധ്യാപകരായ കാര്‍മല്‍ മരിയ ജോസ്, ആന്‍സണ്‍ തോമസ്, എന്‍.ജെ. ജോബി, സ്റ്റാര്‍ട്ട് അപ്പ് കോ-ഓര്‍ഡിനേറ്റര്‍ ആല്ബിന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.