അമറിന്റെ സഹോദരിക്ക് സർക്കാർ ജോലി നൽകണം: പി.എം.എ. സലാം
1491475
Wednesday, January 1, 2025 4:00 AM IST
തൊടുപുഴ: മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട പാലിയത്ത് അമർ ഇബ്രാഹിമിന്റെ കുടുംബത്തിനുള്ള സഹായധനം വർധിപ്പിക്കണമെന്നും സഹോദരിക്ക് സർക്കാർ ജോലി നൽകി നിർധന കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം.
അമർ ഇബ്രാഹിമിന്റെ വീട്ടിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 10 ലക്ഷം രൂപ അപര്യാപ്തമാണ്. കാട്ടാനയുടെ ആക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മൻസൂറിനും സഹായ ധനം അനുവദിക്കണം.
വന്യമൃഗശല്യത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ ശാശ്വതമായ പരിഹാര മാർഗങ്ങൾ കണ്ടെത്തണം. ഇടതു സർക്കാർ ജനങ്ങളുടെ ജീവൽപ്രശ്നങ്ങളെ അവഗണിച്ച് കുടിയേറ്റ ജനതയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എം. അബാസ്, ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂർ, ജനറൽ സെക്രട്ടറി കെ.എസ്. സിയാദ്, സംസ്ഥാന പ്രവർത്തക സമിതിയംഗം എം.എസ്. മുഹമ്മദ്, എറണാകുളം ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കവല തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.