പുതുവത്സരത്തലേന്ന് ജനത്തെ വലച്ച് ബസ് പണിമുടക്ക്
1491474
Wednesday, January 1, 2025 4:00 AM IST
തൊടുപുഴ: പുതുവത്സരത്തലേന്ന് തൊടുപുഴയിൽ ഒരു വിഭാഗം സ്വകാര്യ ബസുകൾ പണിമുടക്കിയതോടെ ജനങ്ങൾ വലഞ്ഞു. സ്വകാര്യ ബസിലെ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് ബിഎംഎസിന്റെ ആഹ്വാനപ്രകാരം തൊടുപുഴയിൽ സ്വകാര്യ ബസുകൾ പണിമുടക്കിയത്. ഇതോടെ സ്വകാര്യ ബസിനെ ആശ്രയിക്കുന്ന ജോലിക്കാരും വിദ്യാർഥികളും പൊതുജനങ്ങളും ദുരിതത്തിലായി.
ഒട്ടേറെ യാത്രക്കാർ വാഹനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എത്തിയപ്പോഴാണ് ബസ് സമരത്തിന്റെ വിവരം അറിയുന്നത്. ബിഎംഎസ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തതെങ്കിലും സ്വകാര്യ ബസുകൾ ഭൂരിഭാഗവും ഓടിയില്ല. പരിമിതമായ കെഎസ്ആർടിസി. ബസുകൾ മാത്രമാണ് തൊടുപുഴ മേഖലയിൽ പ്രാദേശിക സർവീസ് നടത്തുന്നത്. അതുകൊണ്ടുതന്നെ സ്വകാര്യ ബസുകളെയാണ് യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത്.
ഇത് യാത്രാദുരിതം അതി രൂക്ഷമാകാൻ കാരണമായി. വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ ഇന്നലെ വലഞ്ഞു. തച്ചുപറന്പിൽ എന്ന ബസിന്റെ ഉടമയും ചില ഗുണ്ടകളും ചേർന്ന് ഒടിയൻ എന്ന ബസിലെ കണ്ടക്ടർ ജയേഷിനെ മർദിച്ചെന്നാണ് ബിഎംഎസ് ആരോപിച്ചത്.
സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കിയത്. എന്നാൽ ബസ് ജീവനക്കാർ തമ്മിൽ സമയക്രമത്തെ ചൊല്ലി തമ്മിലടിച്ചതിന് പണിമുടക്ക് നടത്തി ജനത്തെ വലച്ചതിൽ ജനങ്ങളിൽ അമർഷവും ഉയർന്നു.