ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കണം
1491470
Wednesday, January 1, 2025 4:00 AM IST
മുട്ടം: ടൗണിലെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരീക്കണം എന്നാവശ്യപ്പെട്ട് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് പരാതി നൽകാൻ മുട്ടം റീജണൽ സ്റ്റഡി സെന്റർ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.
തൊടുപുഴ, മൂലമറ്റം, ഇടുക്കി പ്രദേശങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പുകളും മൂന്നു റോഡുകൾ ചേരുന്ന ജംഗ്ഷനിലായതിനാൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ ബസുകൾ തലങ്ങും വിലങ്ങും നിർത്തുന്നതിനാൽ മറ്റ് വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാതെ റോഡിൽ കുരുങ്ങി കിടക്കുന്നതും പതിവാണ്.
അത്യാസന്ന നിലയിലുള്ള രോഗികളുമായി എത്തിയ ആംബുലൻസുകൾക്ക് പോലും പോകാൻ കഴിയാത്ത നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇടുക്കി, മൂലമറ്റം, പാലാ, ഈരാറ്റുപേട്ട, തൊടുപുഴ എന്നീ പ്രദേശങ്ങളിലേക്കുള്ള ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യവും മുട്ടം ടൗണിലൂടെ കടന്നുപോകുന്നത്.
ഇതേത്തുടർന്ന് മുട്ടം ടൗണ്, കോടതിക്കവല, ടാക്സി സ്റ്റാന്റ് എന്നിങ്ങനെ ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് അനിയന്ത്രിതമായ ഗതാഗതക്കുരുക്കാണ് എപ്പോഴും അനുഭവപ്പെടുന്നത്. ഇതുസംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നതിനാൽ വർഷങ്ങൾക്ക് മുൻപ് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയും മുട്ടം പഞ്ചായത്ത് ഗതാഗത ഉപദേശക സമിതിയും ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു.
എന്നാൽ തുടർ പ്രവൃത്തികൾ സ്തംഭിച്ചതോടെ ഏതാനും ആഴ്ചകൾക്കുശേഷം ബസ് സ്റ്റോപ്പുകൾ പഴയ അവസ്ഥയിലായി. ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കണം എന്നാവശ്യപ്പെട്ട് റീജിണൽ സ്റ്റഡി സെന്റർ തൊടുപുഴ താലൂക്ക് വികസനസമിതിക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല. ഇതേത്തുടർന്നാണ് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയെ സമീപിക്കുന്നത്.
സ്റ്റഡി സെന്റർ ചെയർമാൻ സുജി പുളിക്കൽ അധ്യക്ഷത വഹിച്ചു. ടോമി ജോർജ് മൂഴിക്കുഴിയിൽ, എം.എ. ഷബീർ, സിജോ കളരിക്കൽ, കൃഷ്ണൻ കണിയാപുരം, അജയൻ താന്നിക്കാമറ്റം എന്നിവർ പ്രസംഗിച്ചു.