കാഞ്ഞാർ-വാഗമണ്‍ ജംഗ്ഷനിൽ അപകടക്കുഴികൾ
1491463
Wednesday, January 1, 2025 3:46 AM IST
മുട്ടം: കാഞ്ഞാർ - വാഗമണ്‍ ജംഗ്ഷനിൽ സംസ്ഥാന പാതയിൽ നിരവധി കുഴികൾ രൂപപ്പെട്ടിട്ടും അമക്കമില്ലാതെ അധികൃതർ. വിനോദ സഞ്ചാരികളുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയിലെ ഏറെ അപകട സാധ്യതയുള്ള കുഴികളാണ് നികത്താതിരിക്കുന്നത്.
ഇടുക്കി, വാഗമണ്‍, ഏലപ്പാറ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ഈ കുഴികൾ താണ്ടി വേണം സഞ്ചരിക്കാൻ. ഇരു ചക്ര വാഹന യാത്രക്കാർക്കാണ് ഈ കുഴികൾ വലിയ അപകട ഭീഷണി ഉയർത്തുന്നത്.
കഴിഞ്ഞ ദിവസം വാഗമണ്ണിലേക്ക് വന്ന വിനോദ സഞ്ചാരികളുടെ ഇരുചക്ര വാഹനം ഈ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർ റോഡിലേക്ക് വീണു. അവധി ദിവസങ്ങളിൽ വാഗമണ്‍, ഇടുക്കി സന്ദർശിക്കാനായി നിരവധി വാഹനങ്ങളാണ് ഇതു വഴി വരുന്നത്.
ഇരുചക്ര വാഹന യാത്രക്കാർക്ക് ദൂരെ നിന്ന് കുഴികൾ കാണുവാൻ സാധിക്കില്ല. അതിനാൽ കുഴികൾ കണ്ട് വാഹനം നിയന്ത്രിക്കാനും കഴിയില്ല. വാഹനം വരുന്ന അതേ വേഗതയിൽ കുഴികളിൽ ചാടുകയാണ് പതിവ്. ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതോടെ റോഡിൽ വാഹനങ്ങളുടെ ബാഹുല്യമാകും. ഇതും അപകട സാധ്യത വർധിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.