കാട്ടാന ആക്രമണം: പ്രതിരോധ നടപടികളിൽ മെല്ലെപ്പോക്ക്, 2024ൽ നഷ്ടപ്പെട്ടത് ഏഴു ജീവനുകൾ
1491460
Wednesday, January 1, 2025 3:46 AM IST
തൊടുപുഴ: കാട്ടാനകൾ കാടിറങ്ങി നാട്ടിൽ ഭീതി വിതയ്ക്കുന്പോഴും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്ന കാര്യത്തിൽ അധികൃതരുടെ മെല്ലെപ്പോക്ക് തുടരുന്നു. ജില്ലയിൽ പല മേഖലകളിലും കാട്ടാന ശല്യം അതി രൂക്ഷമാകുന്പോഴും പ്രതിരോധത്തിനായുള്ള ജനങ്ങളുടെ മുറവിളി അധികൃതരിലെത്തുന്നില്ല.
മുള്ളരിങ്ങാട്ടിൽ സംഭവിച്ചതുപോലെ ആനയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്പോൾ മാത്രം ഓടിയെത്തുന്ന വനംവകുപ്പധികൃതർ ഫെൻസിംഗ്, ട്രഞ്ച് തുടങ്ങി വിവിധ സംവിധാനങ്ങൾ ഏർപ്പെടുത്താമെന്ന വാഗ്ദാനം നൽകി മടങ്ങും. എന്നാൽ പിന്നീട് ഇവയെല്ലാം വാഗ്ദാനങ്ങളായി മാത്രം നില കൊള്ളുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. മുള്ളരിങ്ങാട്ടിൽ സംഭവിച്ചതിനു സമാനമായ സംഭവങ്ങൾ മൂന്നാറിലും ചിന്നക്കനാലിലും ഉൾപ്പെടെ ജില്ലയിൽ ഇനിയും ആവർത്തിക്കാനുള്ള സാധ്യതയും ജനങ്ങൾ ഉയർത്തിക്കാട്ടുന്നു.
ജില്ലയിൽ ഈ വർഷം കാട്ടാനകളുടെ ആക്രമണത്തിൽ ഏഴു പേരാണ് കൊല്ലപ്പെട്ടത്. ചിന്നക്കനാലിലാണ് കൂടുതൽ പേർക്കു നേരേ കാട്ടാന ആക്രമണമുണ്ടായത്. ജനുവരി എട്ടിന് തോണ്ടിമല പന്നിയാർ എസ്റ്റേറ്റിൽ തേയിലക്കൊളുന്ത് നുള്ളുന്നതിനിടെ തോട്ടം തൊഴിലാളിയായ പരിമളം (44) കാട്ടാനയുടെ അടിയേറ്റ് മരിച്ചു.
ഇതേ മാസം 22ന് ചിന്നക്കനാലിൽ കൃഷിയിടത്തിൽ ജോലി ചെയ്യവേ ബിഎൽറാം സ്വദേശിയായ വെള്ളക്കല്ലിൽ സൗന്ദർരാജിനെ കാട്ടാന ആക്രമിച്ചു. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ സൗന്ദർരാജ് മരണത്തിനു കീഴടങ്ങി.
23ന് മൂന്നാറിലെ ബന്ധു വീട്ടിൽ വിവാഹച്ചടങ്ങിനെത്തിയ കോയന്പത്തൂർ സ്വദേശി കെ. പോൾരാജ് (79) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ഫെബ്രുവരി 26ന് കന്നിമല ടോപ് ഡിവിഷനിൽ ഓട്ടോയ്ക്കുനേരേ കാട്ടാന നടത്തിയ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ സുരേഷ് കുമാർ (46) മരിച്ചു. ഓട്ടോയും ആന അടിച്ചു തകർത്തു. മാർച്ച് നാലിന് അടിമാലി കാഞ്ഞിരവേലിയിൽ വീട്ടമ്മയായ മുണ്ടോകണ്ടത്തിൽ ഇന്ദിരയെ ആന ആക്രമിച്ചു കൊലപ്പെടുത്തി.
ജൂലൈ 21ന് ചിന്നക്കനാൽ ടാങ്ക്കുടി സ്വദേശി കണ്ണൻ (47) കാട്ടാന ആക്രമണത്തിൽ മരിച്ചു. ആദിവാസി യുവാവായ കണ്ണനെ ആനയിറങ്കൽ ജലാശയത്തിനു സമീപം വണ്ണാത്തിപ്പാറയിലെ കൃഷിയിടത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുന്പോഴാണ് ആന ആക്രമിച്ചത്. ഈ പട്ടികയിൽ അവസാനത്തെ പേരാണ് മുള്ളരിങ്ങാട് അമയൽതൊട്ടി പാലിയത്ത് അമർ ഇബ്രാഹിമിന്േറത്. ആനയുടെ ആക്രമണത്തിലും കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടയിൽ വീണു പരിക്കേറ്റും കഴിയുന്നവരും ജില്ലയിൽ പല മേഖലകളിലും ഉണ്ട്.
പല മേഖലകളിലും കാട്ടാനകൾ കൂട്ടത്തോടെയാണ് ജനവാസ മേഖലകളിലിറങ്ങുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ജില്ലയിൽ പലയിടങ്ങളിലും കാട്ടാനകൾ ഭീതി വിതച്ചു. പീരുമേട്ടിൽ സ്കൂൾ കുട്ടികൾക്കു നേരേ കാട്ടാനകൾ പാഞ്ഞടുത്തതിന്റെ ദൃശ്യങ്ങൾ ഞെട്ടലോടെയാണ് ജനങ്ങൾ കണ്ടത്. കാട്ടാനയെ കണ്ടു ഭയന്ന ഇരുചക്ര വാഹനയാത്രക്കാർക്ക് വീണു പരിക്കേറ്റിരുന്നു.
ഇവിടെ ജനങ്ങൾ കനത്ത പ്രതിഷേധമുയർത്തിയതോടെയാണ് വനംവകുപ്പ് ആനകളെ തുരത്താൻ തയാറായത്. എന്നാൽ ഇപ്പോഴും പ്രദേശം കാട്ടാന ഭീതിയിലാണ്. വനാതിർത്തികളിൽ കൃഷി ചെയ്തും മറ്റും കഴിയുന്നവരാണ് ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭീഷണിയിൽ കഴിയുന്നത്. കൃഷിക്കൊപ്പം കാലി വളർത്തുന്നവരും ഒട്ടേറെയുണ്ട്.
വനാതിർത്തികളിൽ കഴിയുന്നവരുടെ സഞ്ചാരവും വനാതിർത്തിയിലെ പാതകളിലൂടെയാണ്. ജീവനിൽ ഭയന്നാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇത്തരം റോഡുകളിലൂടെ സഞ്ചരിക്കുന്നത്. ഏതു നിമിഷവും കാട്ടാനയുടെയോ മറ്റു വന്യ മൃഗങ്ങളുടെയോ ആക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ഇവർ കഴിയുന്നത്.
കോതമംഗലം വനം ഡിവിഷനു കീഴിലെ മുള്ളരിങ്ങാടിനു പുറമേ പീരുമേട്, തട്ടാത്തിക്കാനം, കാളിയാർ റേഞ്ചിനു കീഴിൽ ഉടുന്പന്നൂർ പഞ്ചായത്തിലെ വേളൂർ, ചാത്തമറ്റം, തൊമ്മൻകുത്ത്, കാഞ്ചിയാർ പഞ്ചായത്തിലെ കോഴിമല, ഉപ്പുതറ പഞ്ചായത്തിലെ കിഴുകാനം, മേമാരി തുടങ്ങിയ വിവിധ ഇടങ്ങൾ കാട്ടാന ശല്യം വ്യാപകമായി ഉണ്ടാകുന്ന മേഖലകളാണ്.
കാട്ടാന ശല്യത്തെ പ്രതിരോധിക്കാൻ വനംവകുപ്പ് ഓരോ വർഷവും ചെലവിടുന്നത് ലക്ഷങ്ങളാണ്. സോളാർ ഫെൻസിംഗ്, ട്രഞ്ച്, ക്രാഷ് ഗാർഡ്, റോപ്പ് ഫെൻസിംഗ്, എസ്എംഎസ് അലർട്ട് എന്നിവയാണ് കാട്ടാന പ്രതിരോധത്തിനായി വനംവകുപ്പ് പ്രധാനമായും നടപ്പാക്കുന്നത്. എന്നാൽ കാട്ടാനകൾ ഇതെല്ലാം മറികടന്നാണ് ജനവാസ മേഖലകളിലെത്തുന്നത്. വനംവകുപ്പിന്റെ കണക്കുകളിൽ പ്രതിരോധത്തിനായി കോടികൾ മുടക്കുന്പോഴും ഇവയൊന്നും ഫലവത്താകുന്നില്ലെന്നാണ് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ഇതിനു പുറമേ വന്യമൃഗങ്ങളെ തിരിക കാട്ടിലേക്കു തുരത്താനുള്ള റാപ്പിഡ് റെസ്പോണ്സ് ടീമിന് എല്ലായിടത്തും ഓടിയെത്തേണ്ട അവസ്ഥയാണ്. ആർആർടി സംഘമെത്താത്ത മേഖലകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് വന്യമൃഗങ്ങളെ തുരത്തുന്നത്. ജില്ലയുടെ പ്രത്യേകത കണക്കിലെടുത്ത് ആർആർടീമിന്റെ ശേഷി വർധിപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെടുവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയാണ് സർക്കാർ നൽകുന്ന പരമാവധി നഷ്ടപരിഹാരം. എന്നാൽ ഇതു ലഭിക്കാൻ ഉണ്ടാകുന്ന കാലതാമസമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. നാട്ടുകാർ പ്രതിഷേധിക്കുന്പോൾ മാത്രം അടിയന്തര സഹായമായ ദുരന്തനിവാരണ പ്രതികരണ നിധിയിൽനിന്നുള്ള നാലു ലക്ഷം രൂപ ലഭിക്കും. ജില്ലയിൽ ഈ വർഷം കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നുപേരുടെയും കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം മാത്രമാണ് ലഭിച്ചത്.
വില്ലേജ് ഓഫിസിൽനിന്നു നൽകുന്ന ബന്ധുത്വ സർട്ടിഫിക്കറ്റ് ഹാജരാക്കുന്പോഴാണ് ആദ്യഘട്ട ധനസഹായം ലഭിക്കുന്നത്. താലൂക്ക് ഓഫീസിൽനിന്നുള്ള അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുന്പോൾ ബാക്കി തുകയും അനുവദിക്കും.
എന്നാൽ ഗസറ്റിൽ പരസ്യം ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ തന്നെ ഏറെ താമസമെടുക്കും. മുന്പ് വില്ലേജ് ഓഫീസിൽനിന്നു നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകിയിരുന്നു. എന്നാൽ അനന്തരാവകാശ രേഖ നിർബന്ധമാക്കിയതാണ് നടപടി വൈകാനിടയാക്കിയത്.
കാട്ടാനയാക്രമണം : ഉദ്യോഗസ്ഥതല യോഗം വിളിക്കണം: മനുഷ്യാവകാശ കമ്മീഷൻ
തൊടുപുഴ: കാട്ടാനായാക്രമണത്തിൽ ജീവൻനഷ്ടമാകുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനു വനംവകുപ്പു മേധാവിയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ വനം, റവന്യൂ, പോലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്തയോഗം വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
വന്യമൃഗങ്ങൾ ജനവാസമേഖലയിൽ എത്തുന്നതു പ്രതിരോധിക്കാൻ എംപി, എംഎൽഎ, പഞ്ചായത്തംഗങ്ങൾ എന്നിവരുടെ അഭിപ്രായം അറിയണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടി സംബന്ധിച്ച് വനംവകുപ്പു മേധാവിയും ജില്ലാ കളക്ടറും പ്രത്യേകം റിപ്പോർട്ടുകൾ സമർപ്പിക്കണം. ഡിഎഫ്ഒയും ആർഡിഒയും ഫെബ്രുവരി 18നു രാവിലെ 10ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
ജനവാസമേഖലയിൽ വന്യജീവികൾ നടത്തുന്ന ആക്രമണം തടയുന്നതിനും ഇല്ലാതാക്കുന്നതിനും ഫലപ്രദമായ പ്രതിരോധ നടപടികൾ അടങ്ങിയ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം. കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇബ്രഹാമിന്റെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റ മൻസൂറിന് നിയമപ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുണ്ടോയെന്നു പരിശോധിക്കണം. കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ജില്ലാ കളക്ടർ വിശദമായ അന്വേഷണം നടത്തണമെന്നും കമ്മീഷൻ വ്യക്തമാക്കി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.