അഞ്ചിരി ഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹം
1490915
Monday, December 30, 2024 4:15 AM IST
തൊടുപുഴ: അഞ്ചിരി കുട്ടപ്പൻകവല ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാർ. ഇന്നലെ ഉച്ചയോടെ 12 ഓടെയായിരുന്നു സംഭവം. അഞ്ചിരിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് ക്രെയിൻ ഉപയോഗിച്ച് തടി കയറ്റുന്നതിനിടെ രണ്ട് തൊഴിലാളികളാണ് പുലിയെ കണ്ടത്. സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പുലി ചാടി ഇറങ്ങുകയായിരുന്നെന്ന് തൊഴിലാളികൾ പറയുന്നു. ഉടൻ തന്നെ കാട്ടിലേക്ക് ഓടി മറഞ്ഞതായും തൊഴിലാളികൾ പറഞ്ഞു.
ഇവർ വിവരമറിയിച്ചതനുസരിച്ച് തൊടുപുഴയിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പുലിയുടെ കാൽപാടുകളോ മറ്റുമൊന്നും കണ്ടില്ല. ഇനിയും പുലിയെ കണ്ടാൽ പ്രദേശത്ത് കൂട് വയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.