അറുപത്തിമൂന്നാം മൈൽ-ആയപ്പാറ ഭാഗത്ത് പുതിയ പാലം നിർമിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചു
1491362
Tuesday, December 31, 2024 7:19 AM IST
വണ്ടിപ്പെരിയാർ: അറുപത്തിമൂന്നാം മൈൽ ആയപ്പാറ ഭാഗത്ത് തോടിനു കുറുകെ പുതിയ പാലം നിർമിക്കുന്നതിന് സമർപ്പിച്ച 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിക്കാൻ ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി.
കഴിഞ്ഞ പ്രളയത്തിലാണ് ചേറ്റുപാറ തോടിനു കുറുകെ അറുപത്തിമൂന്നാം മൈൽ ആയപ്പാറ ഭാഗത്ത് പാലവും അപ്രോച്ച് റോഡും തകർന്നത്. പുതിയ പാലത്തിനായി നാട്ടുകാരുടെ നിവേദനവും നിരന്തരമായ ഇടപെടലും നടത്തിയെങ്കിലും ആദ്യം ഫലം കണ്ടില്ല.
പിന്നിട് 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് പീരുമേട്ടിൽ നടന്ന കരുതലും കൈതാങ്ങും എന്ന പരിപാടിയിൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് ആറാം വാർഡംഗം അയ്യപ്പദാസ് സമർപ്പിച്ച പരാതിയിലാണ് മന്ത്രിയുടെ തീരുമാനം.