മുള്ളരിങ്ങാട്ടെ കാട്ടാന ആക്രമണം: അമർ ഓർമയായി, കണ്ണീരടക്കാതെ നാട്
1491366
Tuesday, December 31, 2024 7:19 AM IST
വണ്ണപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അമർ ഇബ്രാഹിമിന് കണ്ണീരോടെ വിട നൽകി നാട്. മുള്ളരിങ്ങാട് അമയൽതൊട്ടി പാലിയത്ത് ഇബ്രാഹിമിന്റെ മകനായ അമർ ഇബ്രാഹിമിന്റെ (22) സംസ്കാര ചടങ്ങിൽ നൂറു കണക്കിന് ജനങ്ങൾ പങ്കെടുത്തു.
തൊടുപുഴ ജില്ലാ ആശുപത്രിയിൽ രാത്രി വൈകി പോസ്റ്റുമാർട്ടം നടത്തിയ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. അമറിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോൾ അച്ഛൻ ഇബ്രാഹിമിന്റെയും അമ്മ ജമീലയുടെയും സഹോദരി സഹാനയുടെയും ഹൃദയം നുറുങ്ങിയുള്ള നിലവിളി കണ്ടു നിന്നവരിലും കണ്ണീർ നിറച്ചു.
കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന യുവാവാണ് കാട്ടാന ആക്രമണത്തിൽ അകാലത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ വനം അധികാരികളോടുള്ള അതിരില്ലാത്ത രോഷം നാട്ടുകാരുടെ പ്രതികരണങ്ങളിൽ ഉയർന്നു. ഒന്‍പതോടെ മൃതദേഹം കബറടക്കത്തിനായി എടുത്തപ്പോൾ വീടും പരിസരവും സങ്കടക്കടലായി മാറി.
മകന്റെ വേർപാട് താങ്ങാനാകാതെ വിതുന്പിയ ഇബ്രാഹിം നൊന്പരക്കാഴ്ചയായി. മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ പി.ജെ.ജോസഫ്, ആന്റണി ജോണ്‍, മാത്യു കുഴൽനാടൻ എന്നിവർ ഉൾപ്പെടെയുള്ള ജന പ്രതിനിധികളും വിവിധ രാഷ്ട്രീയ, സമുദായ, സാമൂഹ്യ രംഗത്തെ പ്രമുഖരും ത്രിതല പഞ്ചായത്തംഗങ്ങളും കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയിരുന്നു. കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അമറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
അണപൊട്ടിയൊഴുകി ജനരോഷം
വണ്ണപ്പുറം: മുള്ളരിങ്ങാട് മസ്ജിദിൽ അമറിന്റെ കബറടക്കം കഴിഞ്ഞയുടൻതന്നെ അടക്കിപ്പിടിച്ചുനിന്ന ജനരോഷം അണപൊട്ടിയൊഴുകി.
കാട്ടാന ആക്രമണത്തിൽ യുവാവിന്റെ ജീവൻ അകാലത്തിൽ നഷ്ടമായതിന്റെ പ്രതിഷേധം ജനങ്ങളിൽ അലയടിച്ചു. കക്ഷി രാഷ്ട്രീയ, ജാതി, മത ഭേദമില്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ ഒന്നായി മുദ്രാവാക്യം വിളിച്ച് ജനങ്ങൾ പ്രതിഷേധിച്ചു. ചുള്ളിക്കണ്ടം ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേയ്ക്കായിരുന്നു ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോണ്‍ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിച്ചെത്തിയത്. വനംവകുപ്പ് ഓഫീസിനു മുന്നിൽ വൻ പോലീസ് സംഘവും നിലയുറപ്പിച്ചിരുന്നു.
കാട്ടാന ആക്രമണം മൂലം ജനജീവിതം ദുഃസഹമായ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നും വന്യജീവി ആക്രമണം തടയാൻ കൃത്യമായ പദ്ധതികൾ തയാറാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജനങ്ങൾക്ക് സമാധാനമായി ജീവിക്കാൻ അവസരമൊരുക്കണം. മൃഗങ്ങളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ അത് നിയന്ത്രണ വിധേയമാക്കണം. ജനപ്രതിനിധികളും സർക്കാരുകളും അനുവദിക്കുന്ന ഫണ്ടുകൾ ഉത്തരവാദിത്വത്തോടെ ചെലവഴിക്കണമെന്നും ആവശ്യമുയർന്നു.
ഇത്തരം സംഭവങ്ങളിൽ വനം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അനാസ്ഥയും ജനങ്ങൾ ചൂണ്ടിക്കാട്ടി. പി.ജെ.ജോസഫ് എംഎൽഎ, സിപിഎം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം.സലിം, യുവമോർച്ച നേതാവ് പി.ശ്യാംരാജ്, കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ഫാ. ജേക്കബ് വാട്ടപ്പിള്ളി, സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. തന്പി മാറാടി, ഇമാം ഷറഫുദ്ദീൻ ഫൈസി, ബേബി വട്ടക്കുന്നേൽ, ജോമോൻ പൊടിപാറ, ആൽബർട്ട് ജോസ് എന്നിവർ പ്രസംഗിച്ചു.
ഉന്നതതല യോഗം വിളിക്കണം: പി.ജെ. ജോസഫ്
തൊടുപുഴ: മുള്ളരിങ്ങാട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്നതു തടയാൻ സത്വര നടപടി സ്വീകരിക്കണമെന്ന് പി.ജെ.ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഉന്നതതല യോഗം വിളിക്കണമെന്നും ഫെൻസിംഗ് , ട്രഞ്ച് എന്നിവയുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി വേണമെന്നും അദ്ദേഹം വനം മന്ത്രിയോട് ആവശ്യപ്പെട്ടു.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അമർ ഇബ്രാഹിമിന്റെ സഹോദരിക്ക് ജോലി നൽകാൻ സർക്കാർ തയാറാകണം. സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടരുന്പോഴും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാട്ടാന ആക്രമണത്തിൽ മരിച്ച അമറിന്റെ വീടും എംഎൽഎ സന്ദർശിച്ചു.
കാട്ടാന ആക്രമണം വര്‍ധിക്കുന്നതിനെതിരേ പ്രതിഷേധം കനക്കുന്നു
അടിമാലി: ജില്ലയില്‍ കാട്ടാന ആക്രമണം വര്‍ധിക്കുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ മാത്രം കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് എട്ടു മനുഷ്യ ജീവനുകളാണ്.
രണ്ടു തമിഴ്നാട് സ്വദേശികൾ ഉള്‍പ്പെടെ മൂന്നാര്‍ തോട്ടം മേഖലയില്‍ മൂന്നു പേരും ചിന്നക്കനാലില്‍ രണ്ടു പേരും കാഞ്ഞിരവേലിയില്‍ ഒരാളും ഈ മാസം ആദ്യം നേര്യമംഗലം നീണ്ടപാറയില്‍ കോളജ് വിദ്യാര്‍ത്ഥിനിയും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മുള്ളരിങ്ങാട് ഇന്നലെ യുവാവ് കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം.
മുപ്പതിനടുത്ത ആളുകള്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാട്ടാനക്കലിയില്‍ മനുഷ്യജീവനുകള്‍ പൊലിഞ്ഞിട്ടും പ്രതിരോധമൊരുക്കാന്‍ വനംവകുപ്പ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മുമ്പ് നടപ്പിലാക്കിയ പദ്ധതികള്‍ കാര്യക്ഷമമായി മുമ്പോട്ട് കൊണ്ടുപോകുകയും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുകയും വേണമെന്നാണ് ആവശ്യം.നൂറിന് മുകളില്‍ കടകള്‍ക്കും വീടുകള്‍ക്കും കാട്ടാനകള്‍ ജില്ലയില്‍ നാശം വരുത്തി.
500 ഹെക്ടറിലേറെ ഭൂമിയില്‍ കൃഷിനാശം വരുത്തി.ദേവികുളം താലൂക്കിലെ 13 പഞ്ചായത്തുകളിലും കാട്ടാന ശല്യമുണ്ട്. ഉടുമ്പന്‍ചോല താലൂക്കിലും ഇടുക്കി താലൂക്കിലും കാട്ടാന ശല്യം നിലനില്ക്കുന്നു.മൂന്നാര്‍ മേഖലയില്‍ കാട്ടാനകള്‍ ജനവാസ മേഖലകളില്‍ ഇറങ്ങാത്ത ദിവസങ്ങള്‍ കുറവാണ്.ദിവസവും ജില്ലയില്‍ കാട്ടാന ശല്യം വര്‍ധിച്ചുവരുന്ന സ്ഥിതിയാണ്. വേനല്‍ കനക്കുന്നതോടെ കാട്ടാന ശല്യം വര്‍ധിക്കുമെന്നിരിക്കെ വനംവകുപ്പിന്റെ ഫലപ്രദമായ ഇടപെടലിനായി മുറവിളി ഉയരുകയാണ്.
കാട്ടാനനിയന്ത്രണത്തിന് കർമപദ്ധതി തയാറാക്കും: മന്ത്രി റോഷി അഗസ്റ്റിൻ
വണ്ണപ്പുറം: മുള്ളരിങ്ങാട് മേഖലയിലെ കാട്ടാന ശല്യം നിയന്ത്രിക്കാൻ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി കർമ പദ്ധതി തയാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇബ്രാഹിമിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്ത് ഫെൻസിംഗ് സംവിധാനം കാര്യക്ഷമല്ലെന്നാണ് മനസിലായത്. അടിയന്തരമായി ഇത്തരം സംവിധാനങ്ങൾ സജ്ജമാക്കാൻ നിർദേശം നൽകും. ജില്ലയിൽ കാട്ടാന ശല്യം വ്യാപകമായ മേഖലകളിൽ എംപി, എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഫെൻസിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനംവകുപ്പിന്റേത് കടുത്ത അനാസ്ഥ: കത്തോലിക്ക കോണ്‍ഗ്രസ്
മൂലമറ്റം: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിയ്ക്കാനിടയായ സംഭവത്തിൽ വനംവകുപ്പിന്റെ കടുത്ത അനാസ്ഥയുണ്ടെന്നും പ്രദേശത്ത് തന്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്താൻ അടിയന്തര നടപടി വേണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് മൂലമറ്റം ഫൊറോന ഭാരവാഹികൾ ആവശ്യപ്പെട്ടു. ജനവാസ മേഖലകളിലേയ്ക്ക വന്യമൃഗങ്ങൾ ഇറങ്ങാതിരിക്കാൻ ഫെൻസിംഗ്, ട്രഞ്ച് എന്നിവ സ്ഥാപിക്കണം.
കാട്ടാന ആക്രമണത്തിൽ ഒരാളുടെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫൊറോന പ്രസിഡന്റ് അജിൽ പനച്ചിക്കൽ, ജനറൽ സെക്രട്ടറി ഫ്രാൻസീസ് കരിന്പാനി, ട്രഷറർ സിബി മാളിയേക്കൽ, ജോർജ് വേങ്ങശേരി, ജോയി കിഴക്കേൽ, റോയി ജെ.കല്ലറങ്ങാട്ട്, സിജു കുളത്തിനാൽ, തോമസ് തെക്കേൽ, ബെന്നി അഞ്ചാനിക്കൽ എന്നിവർ പ്രസംഗിച്ചു.
ആധുനിക സംവിധാനം ഏർപ്പെടുത്തണം: കെവിവിഇഎസ്
തൊടുപുഴ: ജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണി ഉയർത്തുന്ന കാട്ടുമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് വിദേശരാജ്യങ്ങളിൽ നടപ്പിലാക്കിയതുപോലെ ആധുനിക സംവിധാനം കൊണ്ടുവരുവാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ആനകൾ പെരുകുന്പോൾ കുട്ടിയാനകളെ പിടിച്ച് മെരുക്കിയെടുത്ത് ടൂറിസം മേഖലകളിൽ ഉപയോഗിച്ച് വരുമാനം നേടാൻ കഴിയും. കാട്ടുപന്നികൾ പോലെയുള്ള മൃഗങ്ങളെ നിശ്ചിത ഫീസ് ഈടാക്കി വേട്ടയാടാനുള്ള ലൈസൻസ് അതും വരുമാന മാർഗമാക്കാം. ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തി ജനങ്ങളുടെ ജിവനും സ്വത്തും സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് എൻ.പി. ചാക്കോ, ജനറൽ സെക്രട്ടറി വി.ജെ.ചെറിയാൻ, ട്രഷറർ നൗഷാദ്, സാലി എസ് മുഹമ്മദ്, സജി വണ്ണപ്പുറം, അശ്വതി മധു എന്നിവർ പ്രസംഗിച്ചു.
ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി
ഇടുക്കി: മുള്ളരിങ്ങാട് അമയൽത്തൊട്ടിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ് കണ്‍സർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധവി എന്നിവർക്കാണ് നോട്ടീസ് നൽകിയത്.
വനം വകുപ്പിന്റേത് അലംഭാഗം: കർഷക കൂട്ടായ്മ
വണ്ണപ്പുറം: കാട്ടാനയാക്രമണത്തിൽ മുള്ളരിങ്ങാട് സ്വദേശി അമർ ഇബ്രാഹിം മരണപ്പെട്ടത് വനം വകുപ്പിന്റെ ഭാഗത്തുനിന്നുള്ള കുറ്റകരമായ അനാസ്ഥകൊണ്ടാണെന്ന് കർഷക കൂട്ടായ്മ ആരോപിച്ചു. മുള്ളരിങ്ങാട് പ്രദേശത്തെ ജനസുരക്ഷയ്ക്കായി ഫോറസ്റ്റ് കണ്‍സർവേറ്ററുടെ നേതൃത്വത്തിൽ യോഗം വിളിക്കണമെന്ന് കോ-ഓർഡിനേറ്ററും ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗവുമായ അഡ്വ.ആൽബർട്ട് ജോസ് ആവശ്യപ്പെട്ടു.
അടിയന്തര സഹായം കൈമാറി
കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇബ്രാഹിമിന്റെ കുടുംബത്തിന് സർക്കാർ അടിയന്തര ധനസഹായമായി നാലു ലക്ഷം കൈമാറി. സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) യിൽ നിന്നുള്ള തുകയാണ് ആദ്യപടിയായി എഡിഎം കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ആറുലക്ഷം രൂപ കൂടി ഉടൻ കൈമാറുമെന്ന് അധികൃതർ പറഞ്ഞു.
അടിയന്തര നടപടി വേണം: കേരള കോണ്‍ഗ്രസ് -ബി
തൊടുപുഴ: വനമൃഗശല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്ന് കേരള കോണ്‍ഗ്രസ് -ബി സംസ്ഥാന ജനറൽ സെക്രട്ടറി പോൾസണ്‍ മാത്യു ആവശ്യപ്പെട്ടു. വനത്തിനുള്ളിൽ മൃഗങ്ങളെ നിലനിർത്താനുള്ള സംവിധാനം അടിയന്തരമായി ഉണ്ടാകണം. വന്യമൃഗ ആക്രമണം മൂലം ജനങ്ങൾ മരിക്കുന്നത് ഗൗരവമായി കാണണമെന്നും ഇക്കാര്യത്തിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.