ഓപ്പറേഷൻ പി ഹണ്ട്: യുവാവിന് മൂന്നു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
1491364
Tuesday, December 31, 2024 7:19 AM IST
ചെറുതോണി : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വിഡിയോകളും ഫോട്ടോയും മൊബൈൽ ഫോണിൽ സൂക്ഷിച്ചുവച്ച് കണ്ടതിന് യുവാവിന് മൂന്നു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷരീഫാണ് ശിക്ഷ വിധിച്ചത്.
അശ്ലീല വിഡിയോകളും ഫോട്ടോകളും മറ്റും കാണുന്നതിനെയും പ്രചരിപ്പിക്കുന്നതിനെയും തടയാനുള്ള സർക്കാർ സംവിധാനമാണ് ഓപ്പറേഷൻ പി ഹണ്ട്. 2023 ൽ തങ്കമണി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ പുലർച്ചെ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലാവുന്നത്.
തങ്കമണി അമ്പലമേടു സ്വദേശിയായ അരുൺ എന്ന യുവാവിനെയാണ് പോലീസ് അശ്ലീല വിഡിയോയുള്ള മൊബൈൽ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തത്. വളരെ അപൂർവമായി മാത്രമാണ് ഇത്തരം കേസുകളിൽ പ്രതികളെ ശിക്ഷിക്കാൻ കഴിയാറുള്ളു.
പ്രതി പിഴ ഒടുക്കിയില്ലെങ്കിൽ അധിക ശിക്ഷ അനുഭവിക്കണം. പോക്സോ നിയമപ്രകാരവും ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തങ്കമണി പോലീസ് രജിസ്റ്റർ ചെയ്ത കേസ് റെയ്ഡ് ഉൾപ്പെടെ ആദ്യാവസാനം അന്വേക്ഷിച്ചു കോടതിയിൽ അന്തിമ ചാർജ് നൽകിയത് അന്നത്തെ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന കെ.എം. സന്തോഷാണ്. പ്രൊസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.