ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം: എംപി
1491365
Tuesday, December 31, 2024 7:19 AM IST
തൊടുപുഴ: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചതിന്റെ പശ്ചാത്തലത്തിൽ സബ് കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കാട്ടാന ശല്യം പരിഹരിക്കുന്നതിൽ സർക്കാർ തലത്തിൽ സംഭവിച്ച ഗുരുതര വീഴ്ചകൾ പരിഹരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി യോഗത്തിൽ ആവശ്യപ്പെട്ടു.
മൂന്ന് ആനകൾ മാത്രമാണ് ഇപ്പോൾ പ്രദേശത്ത് അവശേഷിക്കുന്നതെന്ന് ഡിഎഫ്ഒ യോഗത്തിൽ വ്യക്തമാക്കി. 15 ആനകളെ കാടു കയറ്റിയെന്നും അറിയിച്ചു. മൂന്ന് ആനകൾ പ്രദേശത്ത് തന്പടിച്ചപ്പോൾ ഒരാളുടെ ജീവൻ നഷ്ടപ്പെട്ടുവെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണെന്ന് എംപി പറഞ്ഞു. അടിയന്തര പ്രാധാന്യത്തോടെ ഇവയെ തുരത്താനുളള നടപടി സ്വീകരിക്കണം. നിലവിൽ ഒരു ആർആർടി മാത്രമാണ് മേഖലയിൽ പ്രവർത്തിക്കുന്നത്. കൂടുതൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തണം.
നാട്ടുകാർ സംഘം ചേർന്ന് ആനകളെ ഓടിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അപകടകരമായ ഈ അവസ്ഥക്ക് മാറ്റമുണ്ടാകണം. ഇക്കാര്യത്തിൽ കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്ന് ഡിഎഫ്ഒ ഉറപ്പുനൽകി. നിലവിൽ അനുവദിക്കപ്പെട്ടിരിക്കുന്ന പ്രോജക്ടുകൾ വേഗത്തിൽ പൂർത്തികരിക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. എംപി ഫണ്ടിൽ നിന്നും അനുവദിച്ച തുക പോലും മുൻ കോതമംഗലം ഡിഎ്ഫ്ഒ ഉപയോഗപ്പെടുത്തിയിട്ടില്ല.
2023 ഒക്ടോബറിൽ തലക്കോടിനും മുള്ളരിങ്ങാടിനും ഇടയിൽ ഉദ്യോഗസ്ഥരുടെ കൂടി ആവശ്യത്തെ തുടർന്ന് അനുവദിച്ച മൂന്നു ലക്ഷം രൂപയുടെ നിർദ്ദേശമാണ് മുൻ ഡിഎഫ്ഒ ഉപയോഗിക്കാതിരുന്നത്. ഈ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും തുടർപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ഉടൻ വിളിച്ചു ചേർക്കണമെന്നും എംപി നിർദ്ദേശിച്ചു.