മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഓഫീസിന് സമീപം ലഹരി സംഘങ്ങളുടെ അഴിഞ്ഞാട്ടം. ഓട്ടോറിക്ഷ തീയിട്ടു നശിപ്പിച്ചു
1490908
Monday, December 30, 2024 4:13 AM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് മേൽനോട്ട സമിതി ഓഫീസിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. കുമളി എക്സേഞ്ച് പടി താന്നിക്കൽ വിഷ്ണുവിന്റെ ആപ്പേ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്.
ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. കത്തിയ ഓട്ടോറിക്ഷയ്ക്ക് സമീപത്തായി പാർക്ക് ചെയ്തിരുന്ന ഒരു ഓട്ടോ, പെട്ടി ഓട്ടോറിക്ഷ എന്നിവയുടെ ഡാഷ് ബോർഡ് കുത്തി തുറന്നിട്ടുണ്ട്.
വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന ഭാഗത്ത് നിന്ന് വലിയ രീതിയിൽ പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ റിസോർട്ടിലെ ജീവനക്കാർ നാട്ടുകാരെ വിവരം അറിയിച്ച് തീ അണച്ചെങ്കിലും ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു.
ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന നാലായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വിഷ്ണു പറഞ്ഞു. ഇയാളുടെ കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു ഓട്ടോറിക്ഷ . പ്രദേശത്ത് ഇത്തരത്തിലുള്ള ആക്രമണങ്ങൾ മുൻപും നടന്നതായി നാട്ടുകാർ പറയുന്നു.
വനാതിർത്തിയായ ഈ പ്രദേശം നേരം ഇരുട്ടിയാൽ വിജനമാകുന്നതോടെ മദ്യ -മയക്ക് മരുന്ന് സംഘങ്ങളുടെ വിഹാരകേന്ദ്രമായി മാറും. മുല്ലപ്പെരിയാർ ഓഫീസിന്റെ മുറ്റവും വരാന്തയും വരെ ലഹരി സംഘം കൈയ്യടക്കും. അണക്കെട്ട് പരിശോധനക്ക് ബന്ധപ്പെട്ട സമിതികൾ എങ്ങുന്പോൾ മാത്രമാണ് ഓഫീസ് തുറക്കുന്നതും സജീവമാകുന്നതും. ബാക്കി ദിവസങ്ങളിൽ പൂർണമായും അടഞ്ഞു കിടക്കും.
കുമളിയിൽ ലഹരി സംഘങ്ങൾ അക്രമങ്ങൾ നടത്തുന്നത് പതിവായിരിക്കുകയാണ്. കുമളി ഗവ:ഹയർ സെക്കൻഡറി സ്കൂളിന് സമീപം റോഡരികിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് അടക്കം കുമളി പ്രദേശത്തെ മിക്ക വഴി വിളക്കുകളും സംഘങ്ങൾ കേട് വരുത്തിയിട്ടുണ്ട്. സംഘത്തിന്റെ അഴിഞ്ഞാട്ടത്തിന് തടസമാകുന്ന വെളിച്ചം ഇല്ലാതാക്കുകയാണ് ഇവരുടെ രീതി.
ഒന്നാം മൈലിൽ ഒരു മാസം മുൻപ് ടീ ഷോപ്പിന്റെ മുന്നിലുണ്ടായിരുന്ന അലമാരയുടെ ചില്ലുകൾ തകർത്തിരുന്നു. പൊട്ടിയ ചില്ലുകളിൽ രക്തവും ഒഴുകിയിരുന്നു. ഓട്ടോ കത്തിച്ച പ്രദേശത്തുള്ള റിസോർട്ടുകളുടെ അടക്കം സിസിടിവി പരിശോധിച്ചാൽ പ്രതികളെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.