സ്വർഗീയ പഴം : ഗാക് ഫ്രൂട്ടാണ് മനോജിന്റെ കൃഷിയിടത്തിലെ താരം
1490902
Monday, December 30, 2024 3:59 AM IST
ടി.പി.സന്തോഷ്കുമാർ
തൊടുപുഴ: മലയോര മേഖലയിൽ അധികം പരിചയമില്ലാത്ത ഗാക് ഫ്രൂട്ടാണ് വണ്ണപ്പുറം വാൽപ്പാറ തോട്ടത്തിൽ മനോജിന്റെ കൃഷിയിടത്തിലെ പുതിയ താരം. മൂന്നു വർഷം മുന്പ് തോന്നിയ കൗതുകത്തിലാണ് അങ്കമാലിയിൽ നിന്നും ഓണ്ലൈൻ വഴി ഗാക്ഫ്രൂട്ടിന്റെ വിത്ത് മനോജ് വാങ്ങിയത്. എട്ടു മാസം കഴിഞ്ഞപ്പോൾ പൂവിട്ടു.
രണ്ടു വർഷത്തോളമായി മനോജിന്റെ പുരയിടത്തിൽ ഗാക് ഫ്രൂട്ട് വിളയുന്നുണ്ട്. സ്വർഗീയ പഴം എന്നറിയപ്പെടുന്ന ഗാക്ഫ്രൂട്ട് കാണാനും വിത്ത് വാങ്ങാനും ഇപ്പോൾ ഒട്ടേറെ പേരാണ് മനോജിന്റെ കൃഷിയിടത്തിലെത്തുന്നത്.
പാവലിനോട് സാമ്യമുള്ള പഴമാണ് ഗാക്ഫ്രൂട്ട്. മധുരപ്പാവൽ എന്നും അറിയപ്പെടുന്നുണ്ട്. ഇതിന്റെ വിത്തും പൾപ്പും തൊലിയുമെല്ലാം ഭക്ഷ്യയോഗ്യമാണ്. ഒപ്പം പോഷകസമൃദ്ധവും. കേരളത്തിലേയ്ക്ക് ഈ പഴവർഗം ഇറക്കുമതി ചെയ്യുകയാണ് ചെയ്തിരുന്നത്. ഇപ്പോൾ ചിലയിടങ്ങളിൽ ഗാക്ഫ്രൂട്ട് കൃഷി ചെയ്തു വരുന്നുണ്ട്.
മാളുകളിലും മറ്റും ഇത് വിൽപ്പനയ്ക്കെത്തുന്നുണ്ട്. പച്ചയ്ക്ക് തൊലിയുൾപ്പെടെ കറിവച്ചും പഴുത്തശേഷം തൊലികൾ വേർപെടുത്തി നേരിട്ടും ജ്യൂസായും കഴിക്കാം. മറ്റ് പഴങ്ങളോടൊപ്പം ചേർത്തും കഴിക്കാം. ബീറ്റാകരോട്ടിൻ, ലൈക്കോപ്പിൻ എന്നിവ ധാരാളമടങ്ങിയിരിക്കുന്നതിനാൽ ഒൗഷധ ഗുണവും ഏറെയാണ്.
വള്ളിയിൽ ഉണ്ടാകുന്ന ഫലമായതിനാൽ പാവൽ, പടവലം എന്നിവപോലെ പന്തലിട്ട് ഇത് കൃഷിചെയ്യാമെന്ന് മനോജ് പറയുന്നു. നട്ട് ഒരു വർഷത്തോളമെത്തുന്പോൾ പൂത്തുതുടങ്ങും. വിത്ത് മുളപ്പിച്ചും ആണ്, പെണ് ചെടികളുടെ കന്പുകൾ ഗ്രാഫ്റ്റ് ചെയ്തും തൈകളുണ്ടാക്കാം. സൂര്യപ്രകാശവും വളക്കൂറും ജലസേചന സൗകര്യവും ഉണ്ടെങ്കിൽ മികച്ച രീതിയിൽ കായ്ഫലം ലഭിക്കും. കാര്യമായ വളപ്രയോഗം നടത്തിയില്ലെങ്കിലും ഗാക്ഫ്രൂട്ട് ധാരാളമായി തന്നെ ഉണ്ടാകും. വർഷത്തിൽ രണ്ടുമൂന്നു തവണ പൂക്കുകയും ചെയ്യും.
ഗാക്ഫ്രൂട്ട് കായ്ച്ചാൽ ആദ്യം പച്ച നിറവും പിന്നെ മഞ്ഞയും പാകമാകുന്പോൾ ചുവപ്പ് നിറത്തിലുമാണ് കാണപ്പെടുന്നത്. അതിനാൽ തന്നെ ഇവ കാഴ്ചയ്ക്കും മനോഹരമാണ്. ഗാർഡൻ രീതിയിൽ കൃഷി ചെയ്താൽ വീടിനും ദൃശ്യ ഭംഗി ലഭിക്കും. പഴത്തിന്റെ മനോഹാരിത കണ്ടറിഞ്ഞാണ് പലരും ഇപ്പോൾ മനോജിന്റെ കൃഷിയിടം തേടിയെത്തുന്നത്. ഏറെ നാൾ കേടു കൂടാതെയിരിക്കും എന്നതും ഗാക്ഫ്രൂട്ടിന്റെ പ്രത്യേകതയാണ്.
ഒരു ചെടിയിൽ നിന്നും വർഷങ്ങളോളം കായ്ഫലവും ലഭിക്കും. പ്രാദേശിക തലത്തിൽ ഗാക്ഫ്രൂട്ടിന് വിപണിയില്ലാത്തതാണ് പ്രധാന പ്രശ്നമെന്ന് മനോജ് പറയുന്നു. വലിയ മാളുകളിലും മറ്റുമാണ് ഗാക്ഫ്രൂട്ട് വിൽപ്പനയ്ക്കുള്ളത്. കിലോയ്ക്ക് 1500 രൂപയോളം ഇതിനു പൊതു വിപണിയിൽ വിലയുമുണ്ട്.
എന്നാൽ നിലവിൽ പഴങ്ങൾ വിപണിയിൽ വിൽപ്പന നടത്തുന്നില്ലെന്ന് മനോജ് പറയുന്നു. പഴങ്ങളും വിത്തും തേടി വരുന്നവർക്ക് ഇതു നൽകുന്നുണ്ട്. കൂടാതെ ഓണ് ലൈനിൽ വിത്ത് വിൽക്കുന്നുമുണ്ട്. ഇപ്പോൾ കൂടുതൽ തൈകൾ മനോജ് കൃഷി ചെയ്തിട്ടുണ്ട്. വിപണി സാധ്യതകൾ കണ്ടെത്തി കൃഷി വിപുലീകരിക്കാനാണ് മനോജിന്റെ തീരുമാനം.
വാൽപ്പാറയിലെ അഞ്ചേക്കർ സ്ഥലത്ത് റബർ, കുരുമുളക്, കാപ്പി, പൈനാപ്പിൾ, കൊക്കോ, ജാതി എന്നിവയാണ് പ്രധാന കൃഷി. പൊതുപ്രവർത്തകൻ കൂടിയായ മനോജിന് കട്ടപ്പന താലൂക്ക് ലോട്ടറി ഓഫീസിൽ താത്കാലിക ജോലിയുമുണ്ട്. പിതാവ് തങ്കച്ചൻ, മാതാവ് രാജമ്മ, ഭാര്യ അന്പിളി, മകൾ ചിൻമയ എന്നിവരാണ് എല്ലാ കാര്യങ്ങൾക്കും പിന്തുണയുമായി കൂടെയുള്ളത്.