ജീവന് ഭീഷണി ഉയർത്തുന്ന വന്യമൃഗങ്ങളെ വെടിവയ്ക്കുന്നതിന് അനുമതി വേണം: ജോയി വെട്ടിക്കുഴി
1490899
Monday, December 30, 2024 3:59 AM IST
കട്ടപ്പന : മനുഷ്യജീവന് ഭീഷണി ഉയർത്തുന്ന വന്യമൃഗങ്ങളെ വെടിവയ്ക്കുന്നതിന് ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദ്ദേശം നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയിൽ ഈ മാസംതന്നെ മൂന്ന് മനുഷ്യരെയാണ് കാട്ടാന കൊലപ്പെടുത്തിയത്.
പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 950 ഒാളം ആളുകളാണ് വന്യ മൃഗ ആക്രമണത്തിൽ മരിച്ചത്. കുട്ടമ്പുഴയിലും നേര്യമംഗലത്തും മുള്ളരിങ്ങാട്ടും തൊട്ടടുത്ത ദിവസങ്ങളിൽ ആളുകൾ കൊല്ലപ്പെട്ടു. കാസർഗോഡ് രണ്ട് യുവാക്കളെ കൊല്ലുന്നതിനും പ്രതികളെ സംരക്ഷിക്കുന്നതിനും മുഖ്യമന്ത്രി കാണിച്ച താത്പര്യമെങ്കിലും വന്യ മൃഗ ആക്രമണത്തിൽ മനുഷ്യർ കൊല്ലെടുന്നതു തടയാൻ മുഖ്യമന്ത്രി കാണിക്കണം.
മനുഷ്യനെ കൊല്ലാൻ വരുന്ന കാട്ടുമൃഗങ്ങളെ കൗൺസിലിംഗ് കൊണ്ടോ മയക്കു വെടികൊണ്ടോ പിന്തിരിപ്പിക്കാമെന്ന് കരുതുന്നതും ഏതെങ്കിലും ജനനനിയന്ത്രണ പദ്ധതികളിലൂടെ കാട്ടുമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാമെന്ന് കരുതുന്നതും വിഢിത്വമാണ്. നിയന്ത്രിത വേട്ട മാർഗമാണ് കാട്ടുമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാനുള്ള ഏക മാർഗം.
കൃഷിഭൂമിയിൽ പ്രവേശിക്കുന്ന വന്യമൃഗങ്ങളെ വെടിവെക്കുന്നതിനുള്ള സ്വാതന്ത്ര്യവും അവകാശവും കർഷകർക്ക് നൽകണം. വനാതിർത്തികളിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുവാൻ യുഡിഎഫ് നിർബന്ധിതമാകുമെന്ന് ചെയർമാൻ മുന്നറിയിപ്പ് നൽകി.