രാത്രി മോർച്ചറിക്കു മുന്നിൽ പ്രതിഷേധം
1490898
Monday, December 30, 2024 3:59 AM IST
തൊടുപുഴ: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ രാത്രി വൈകിയും പ്രതിഷേധം വ്യാപകം. ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് പ്രവർത്തകരും മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകരുമാണ് മോർച്ചറിക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ അമറിനെ തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് നാട്ടുകാർ ആദ്യമെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം മോർച്ചറിയിലേയ്്ക്ക് മാറ്റിയ ശേഷമാണ് പ്രതിഷേധം ആരംഭിച്ചത്. ആശുപത്രിയിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ച മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് ഇടപെട്ട് തടഞ്ഞു.
അമറിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഉടൻ നിശ്ചയിച്ച് കൈമാറണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ മോർച്ചറിയ്ക്കു മുന്നിൽ പ്രതിഷേധ സമരം നടത്തി. മൃതദേഹം ഇന്നലെ തന്നെ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു. എന്നാൽ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ തീരുമാനമാകാതെ ഇൻക്വസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ.
പിന്നീട് എഡിഎമ്മും ഡിഎഫ്ഒയും സ്ഥലത്തെത്തി ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതോടെ സമരം അവസാനിപ്പിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. വിവരമറിഞ്ഞ് പി.ജെ.ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് സി.പി.മാത്യു,
കെപിസിസി ജനറൽ സെക്രട്ടറി എസ്.അശോകൻ, യുഡിഎഫ് നേതാക്കളായ പ്രഫ.എം.ജെ.ജേക്കബ്, ജോസഫ് ജോണ്, റോയി കെ.പൗലോസ്, ടി.എം.സലിം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആൽബർട്ട് ജോസ്, കെ.കെ.രവി, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജു, അംഗം ജോജോ ജോസഫ് എന്നിവർ ആശുപത്രിയിലെത്തിയിരുന്നു.