ഭീതി വിട്ടൊഴിയാതെ മൻസൂർ : കാട്ടാനയുടെ കാൽച്ചുവട്ടിൽനിന്ന് അദ്ഭുത രക്ഷപ്പെടൽ
1490897
Monday, December 30, 2024 3:59 AM IST
തൊടുപുഴ: കാട്ടാനയുടെ കാൽച്ചുവട്ടിൽ നിന്ന് അദ്ഭുത രക്ഷപ്പെടൽ. ഇതാണ് മുള്ളരിങ്ങാട് അമായൽതൊട്ടി ബ്ലാങ്കരയിൽ ബി.എം. മൻസൂറി(41)ന് പറയാനുള്ളത്. ജീവൻ തിരിച്ചു കിട്ടുമെന്നു പോലും പ്രതീക്ഷിച്ചില്ല. കാട്ടാനയുടെ ചവിട്ടേറ്റ് ഒടിഞ്ഞ കാലുമായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് മൻസൂർ.
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നേകാലോടെയാണ് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ അയൽവാസിയായ മൻസൂറിനെ പശുവിനെ അഴിച്ചുക്കൊണ്ടുവരാൻ കൂടെ വിളിച്ചത്. പശുവിനെ കാണാവുന്ന ദൂരത്തെത്തിയപ്പോഴാണ് പതുങ്ങി നിന്ന രണ്ടു കാട്ടാനകൾ പാഞ്ഞടുത്ത് ആക്രമിച്ചത്.
ഒന്നു ചിന്തിക്കാനോ ഓടാനോ സമയം കിട്ടുന്നതിന് മുന്പ് തന്നെ തൊട്ടു മുന്പിലായി നിന്ന അമീറിനെ ആനകളിലൊന്ന് തട്ടി നിലത്തേക്കിടുന്നതാണ് കാണുന്നത്. തൊട്ടടുത്ത നിമിഷം തന്നെ ഒപ്പമുള്ള ആന തന്റെ നേരെ പാഞ്ഞടുത്തു. പേടിച്ച് നിലത്തേക്ക് വീണു. പാഞ്ഞടുത്ത കാട്ടാന വട്ടം തിരിഞ്ഞ് ചവുട്ടി. വലതുകാലിൽ കാട്ടാന ചവിട്ടിയതോടെ എന്റെ കണ്ണുകൾ മറിഞ്ഞ് പോകുന്നതുപോലെ തോന്നി.
ഇതിനിടെ അമറിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടു. ഇതോടെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേയ്ക്ക് ഉരുണ്ടു നീങ്ങി. കുറച്ച് സമയം കുറ്റിക്കാട്ടിൽ ശ്വാസംപോലം വിടാതെ കിടന്നു കരഞ്ഞു. ആന പരിസരത്ത് ചുറ്റി നടന്ന ശേഷം മാറിയതോടെ പരിക്കേറ്റ കാലുമായി ഏന്തി വലിഞ്ഞ് പടർപ്പുകൾക്കിടയിലൂടെ പുറത്തെത്തി.
ഉറക്കെ നിലവിളിച്ചതോടെ ആളുകൾ ഓടിയെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഗൾഫിൽ ജോലി ചെയ്യുന്ന മൻസൂർ മൂന്ന് മാസത്തെ അവധിയ്ക്ക് നാട്ടിലെത്തിയതായിരുന്നു. മൻസൂറിന്റെ വലതുകാലിന് മൂന്ന് പൊട്ടലുകളുണ്ട്. ഇടതുകാലിനും പരിക്കേറ്റിട്ടുണ്ട്.