വനം വകുപ്പിന് കെടുകാര്യസ്ഥത : കത്തോലിക്കാ കോണ്ഗ്രസ്
1490896
Monday, December 30, 2024 3:59 AM IST
തൊടുപുഴ: വന്യമൃഗ ആക്രമണ ഭീതി മൂലം പൊറുതിമുട്ടുന്ന സാധാരണ ജനത്തിന്റെ ഗതികേടിന്റെ പ്രതീകമാണ് മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിക്കാനിടയായ സംഭവമെന്ന് കത്തോലിക്കാ കോണ്ഗ്രസ് കോതമംഗലം രൂപത സമിതി. മുള്ളരിങ്ങാട് പ്രദേശത്തുള്ളവർ ദിവസങ്ങളായി കാട്ടാന ഭീതിയിലായിരുന്നു.
വനം വകുപ്പ് അധികൃതരുടെ കാര്യമായ സഹായം ലഭിക്കാതിരുന്നിട്ടും തകർന്നു കിടക്കുന്ന ഫെൻസിംഗും കടന്ന് കാട്ടാന കൃഷിസ്ഥലത്തേക്കും വീടുകളുടെ സമീപത്തേക്കും വരാതിരിക്കാനുള്ള പ്രതിരോധത്തിലായിരുന്നു പ്രദേശവാസികൾ.
അതിനിടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനം വകുപ്പ് യഥാസമയം തയാറായിരുന്നെങ്കിൽ ഒരു യുവാവിന്റെ ജീവൻ ഹോമിക്കേണ്ടി വരില്ലായിരുന്നു. യുവാവിന്റെ കുടുംബത്തെ സഹായിക്കുവാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ വനംവകുപ്പിന് കഴിയുകയില്ല.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനം വകുപ്പും സർക്കാരും തയാറാകണമെന്ന് കത്തോലിക്ക കോണ്ഗ്രസ് രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ, ഡയറക്ടർ ഫാ. മാനുവൽ പിച്ചളക്കാട്ട്, ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരക്കൽ, തന്പി പിട്ടാപ്പിള്ളിൽ എന്നിവർ ആവശ്യപ്പെട്ടു.
ഫെൻസിംഗും ട്രഞ്ചും നിർമിക്കണം: പി.ജെ. ജോസഫ്
തൊടുപുഴ: മുള്ളരിങ്ങാട് ജനവാസ മേഖലകളിലേയ്ക്ക് കാട്ടാന ഇറങ്ങുന്നതു തടയാൻ ഫെൻസിംഗിന്റെയും ട്രഞ്ചിന്റേയും നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെമന്ന് പി.ജെ.ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കാട്ടാന ആകമണത്തിൽ കൊല്ലപ്പെട്ട അമർ ഇബ്രാഹിമിന്റെ കുടുംബത്തിന് അടിയന്തര ധനസഹായവും പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൻസൂറിന് സൗജന്യ ചികിത്സയും ഉറപ്പാക്കണമെന്നും വനം മന്ത്രി ശശീന്ദ്രനോട് എംഎൽഎ ആവശ്യപ്പെട്ടു.
മുള്ളരിങ്ങാട്ടെ ജനവാസ മേഖലകളിൽ കാട്ടാന ശല്യം പതിവാകുന്ന കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ ശാശ്വത പരിഹാരം അടിയന്തരമായി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊടുപുഴ ജില്ലാ ആശുപത്രിയിലും പിന്നീട് പരുക്കേറ്റ മൻസൂറിനേയും ജോസഫ് സന്ദർശിച്ചു. ജില്ലാ കളക്ടറുമായും സംസാരിച്ചു. വനപ്രദേശത്തോടു ചേർന്നുള്ള ജനവാസ മേഖലകളിൽ വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
വനംമന്ത്രി രാജിവയ്ക്കണം: എംപി
തൊടുപുഴ: ജനങ്ങളെ വന്യമൃഗങ്ങൾക്ക് കുരുതി കൊടുത്ത് നാടു ഭരിക്കാമെന്ന് എൽഡിഎഫ് കരുതേണ്ടെന്നും വനംമന്ത്രി രാജിവയ്ക്കണമെന്നും ഡീൻ കുര്യാക്കോസ് എംപി. സിപിഎമ്മിന്റെ ആജ്ഞാനുവർത്തിയായി നിൽക്കുന്ന എ.കെ.ശശീന്ദ്രൻ ആ സ്ഥാനത്ത് തുടരുന്നത് നാടിന് ശാപമായി മാറിയിരിക്കുകയാണ്. മുള്ളരിങ്ങാട് വളരെ നാളുകളായി കാട്ടാന ശല്യം പതിവാണ്.
ഇന്നല്ലെങ്കിൽ നാളെ ഇതു സംഭവിക്കുമെന്ന സ്ഥിതിയായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി ഉണ്ടായിരുന്നത്. കേരളത്തിൽ കർഷകരെ കുടിയിറക്കി വനവിസ്തൃതി വർധിപ്പിക്കുകയെന്നത് സിപിഎമ്മിന്റെ നയമാണ്. അത് ഭംഗിയായി നടത്തി കൊടുക്കുകയെന്നത് മാത്രമാണ് എ.കെ. ശശീന്ദ്രൻ ചെയ്യുന്നത്. ഇത്ര ദാരുണമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്പോളും മുഖ്യമന്ത്രി ഒരക്ഷരം ഉരിയാടുന്നില്ല. അന്തസുണ്ടെങ്കിൽ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ വെല്ലുവിളിക്കുന്നു : മാത്യു കുഴൽനാടൻ
തൊടുപുഴ : ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ അവരെ നിരന്തരം വെല്ലുവിളിക്കുകയാണെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ. നിരന്തരം വന്യജീവി ആക്രമണം ഉണ്ടായിട്ടും ജനങ്ങൾക്ക് സംരക്ഷണം തീർക്കുവാൻ സർക്കാരിന് സാധിക്കുന്നില്ല.
അടുത്തിടെയായി മൂന്നാമത്തെ മരണമാണ് കാട്ടാന ആക്രമണം മൂലം ഈ മേഖലകളിൽ മാത്രം സംഭവിച്ചത്. നിരവധി തവണ ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വനം വകുപ്പ് നിഷ്ക്രിയരായി തുടരുകയാണ്. ഈ കാര്യത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മരണത്തിന് ഉത്തരവാദി സർക്കാർ: മുസ്ലിം ലീഗ്
തൊടുപുഴ: കാട്ടാനയ്ക്കും കാട്ടു മൃഗങ്ങൾക്കും നൽകുന്ന പരിഗണന മനുഷ്യജീവന് നൽകാത്ത സർക്കാരിനെതിരേ കനത്ത പ്രതിഷേധമുയർത്തി ജനകീയ പോരാട്ടം നടത്തുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ, ജനറൽ സെക്രട്ടറി കെ.എസ്.സിയാദ് എന്നിവർ അറിയിച്ചു.
മുള്ളരിങ്ങാട് സ്വദേശി അമറിനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യം സർക്കാർ വരുത്തി വച്ചതാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.അമറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്നും ജില്ലയിലെ വന്യമൃഗ ശല്യത്തിൽ നിന്ന് ജനങ്ങൾക്ക് സന്പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അലംഭാവം വെടിഞ്ഞ് നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
നടപടി എടുക്കണം: കിസാൻ സഭ
തൊടുപുഴ: കാട്ടാന ഒരു ജീവൻ കൂടി എടുക്കാൻ ഇടയാക്കിയതിൽ നിസംഗത കാട്ടിയ വനം ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യൂ വർഗീസ് ആവശ്യപ്പെട്ടു. മുള്ളരിങ്ങാട്ട് വളർത്തു പശുവിനെ തേടി പോയ കൃഷിക്കാർ കാട്ടാനയുടെ ആക്രമണത്തിൽ പെടുകയായിരുന്നു. ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.
ഈ പ്രദേശങ്ങളിൽ കാട്ടാനയും മറ്റു വന്യജീവികളും നാട്ടിലിറങ്ങി മനുഷ്യരെ ആ ക്രമിക്കുന്നത് സമീപ മാസങ്ങളിൽ പതി വായിത്തീർന്നിരിക്കുകയാണ്. വനം അധികാരികളുടെ ഉത്തരവാദിത്തമില്ലായ്മയാണ് അതീവ ദുഃഖകരമായ ഈ സംഭവത്തിനു കാരണം.
ജനവാസ മേഖലകളിൽ നിന്നും വന്യമൃഗങ്ങളെ തുരത്തുന്ന നടപടികൾ ഗൗരവപൂർവം നടത്തിയിരുന്നുവെങ്കിൽ യുവാവിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.