അമർ ഇലാഹിയുടെ മരണം: പ്രതിഷേധം വ്യാപകം, ജനം ഭീതിയിൽ : സ്ഥലത്ത് സംഘർഷം
1490895
Monday, December 30, 2024 3:59 AM IST
പ്രതിരോധ സംവിധാനമില്ല: കാട്ടാനകൾ നിരന്തരം നാട്ടിൽ
വണ്ണപ്പുറം: മുള്ളരിങ്ങാട് മേഖലയിൽ കാട്ടാന ശല്യത്തിനു പരിഹാരം ഉണ്ടാകുമെന്ന അധികൃതരുടെ ഉറപ്പ് പാഴ് വാക്കായതോടെയാണ് ഇവിടെ ഒരു യുവാവിന്റെ ജീവൻ കൂടി പൊലിയാനിടയായതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നാലു വർഷത്തോളമായി ഈ മേഖലയിൽ കാട്ടാന ശല്യം അതി രൂക്ഷമായിട്ട്.
ഒറ്റയ്ക്കും കൂട്ടായും കാട്ടാനകൾ രാപകൽ വ്യത്യാസമില്ലാതെ റോഡിലിറങ്ങുന്നതിനാൽ പലപ്പോഴും ഇതുവഴിയുള്ള ഗതാഗതം പോലും തടസപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. വാഹന യാത്രക്കാരും മറ്റും കാട്ടാനയുടെ മുന്നിൽ നിന്നും തലനാരിഴയ്ക്കു രക്ഷപെട്ട സംഭവവുമുണ്ടായിട്ടുണ്ട്.
നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും വേണ്ടത്ര സ്ഥലത്ത് ഫെൻസിംഗ് സ്ഥാപിക്കാൻ വനം വകുപ്പധികൃതർ തയ്യാറായില്ലെന്നും പരാതിയുണ്ട്. മുള്ളരിങ്ങാട് റേഞ്ച് ഓഫീസിലേയ്ക്കും കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്കും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് നിരവധി തവണ പ്രതിഷേധം സംഘടിപ്പിച്ചുരുന്നു.
എന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാട്ടാന ജനവാസ മേഖലയിലെത്തുന്പോൾ തുരത്തിയോടിച്ചിരുന്നത്.
ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ അമർ ഇലാഹി കാട്ടാനായുടെ ആക്രണത്തിൽ കൊല്ലപ്പെട്ടത്.
വണ്ണപ്പുറം, കവളങ്ങാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലാണ് ഭീതി വിതച്ച് കാട്ടാനക്കൂട്ടം കവിഞ്ഞ നാളുകളിൽ തന്പടിച്ചിരുന്നത്. വനംവകുപ്പിന്റെയും പഞ്ചായത്തുകളുടെയും വനം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ മുള്ളരിങ്ങാട്, ചാത്തമറ്റം, പൈങ്ങോട്ടൂർ, തേൻകോട്, തലക്കോട്, പാച്ചേറ്റി തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരുടെ സൗഹൃദ കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്തിയത്.
ചുള്ളിക്കണ്ടം, പാച്ചേറ്റി, അള്ളുങ്കൽ, തേൻകോട്, ചാത്തമറ്റം,കടവൂർ, പുന്നമറ്റം എന്നീ മേഖലകളിലെ ജനങ്ങൾക്ക് ഭീഷണിയായി നിന്ന കാട്ടാനകളെയാണ് ഉൾവനത്തിലേയ്ക്ക് തുരുത്തിയത്. ആനകൾ ജനവാസ മേഖലയിലേയ്ക്ക് കടന്നു വരാതിരിക്കാൻ ഫെൻസിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.
കാട്ടാന ശല്യം വ്യാപകമായ സാഹചര്യത്തിൽ നേരത്തെ ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗവും വണ്ണപ്പുറം പഞ്ചായത്തിൽ ചേർന്നിരുന്നു. നാട്ടിലും റോഡിലും ഇറങ്ങുന്ന കാട്ടാനകളെ കാട്ടിലേയ്ക്ക് തുരത്താൻ രണ്ട് വാച്ചർമാരെ നിയമിക്കുമെന്നും പൂർത്തീകരിക്കാനുള്ള വൈദ്യുത വേലികളുടെ നിർമാണം അടിയന്തരമായി പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചിരുന്നു.
എന്നാൽ യോഗം ചേർന്നതല്ലാതെ ഇതിന്റെ തുടർ നടപടികൾ പിന്നീട് ഉണ്ടായില്ല. ഇതിനിടെ പലപ്പോഴും കാട്ടാനക്കൂട്ടം വ്യാപകമായ തോതിൽ കൃഷിനാശം വരുത്തുകയും ചെയ്തു.