‘ഇനി ഞാൻ ഒഴുകട്ടെ’ മൂന്നാംഘട്ടം തുടങ്ങി
1490692
Sunday, December 29, 2024 4:20 AM IST
കുടയത്തൂർ: ഹരിത കേരളം മിഷന്റെ ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാംഘട്ടം ഇളംദേശം ബ്ലോക്ക് തല ഉദ്ഘാടനം കാഞ്ഞാർ കല്ലേൽ തോട്ടിൽ നടത്തി. ഇതോടൊപ്പം നീർച്ചാൽ നടത്തവും സംഘടിപ്പിച്ചു. തോട്ടിൽ വലിച്ചെറിഞ്ഞിരുന്ന ഉപയോഗശൂന്യമായ തുണികളും പാഴ് വസ്തുക്കളും പ്രവർത്തകർ നീക്കം ചെയ്തു.
തോടിന്റെ അരിക് കെട്ടി മനോഹരമാക്കിയാൽ വലിച്ചെറിയലും മലിനീകരണവും തടയാനാകുമെന്ന് നീർച്ചാൽ നടത്തം വിലയിരുത്തി. തുടർന്നുള്ള മാസങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി തോടിന്റെ ഓരം സുരക്ഷിതമാക്കാനും സൗന്ദര്യവത്കരിക്കാനും പദ്ധതി നടപ്പാക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഷിയാസ് പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറി രഞ്ജിത് ബിജുകുമാർ, തൊഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥരായ വി. നെസ്നി, സലിം, ജീവ എൻ. മാധവൻ, വിഇഒമാരായ എം.ആർ. കേരളകുമാർ, മാർട്ടിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.