കൃപേഷ് , ശരത് ലാൽ വധം : പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞത് ആശ്വാസകരം: ഡീൻ
1490687
Sunday, December 29, 2024 4:14 AM IST
തൊടുപുഴ: കൃപേഷ്, ശരത് ലാൽ വധം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണെന്നും പ്രതികൾ കുറ്റക്കാരാണെന്നും തെളിഞ്ഞതോടെ ഈ കേസിൽ മുഖ്യപ്രതിസ്ഥാനത്ത് സിപിഎം ആണെന്ന് വ്യക്തമായതായും ഡീൻ കുര്യാക്കോസ് എംപി.
ഇടതു സർക്കാർ കേസ് തേച്ചുമായ്ച്ചുകളയാൻ ശ്രമിച്ചപ്പോൾ കോണ്ഗ്രസ് നേതൃത്വം സിബിഐയ്ക്ക് വിടണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതി വരെ പോയതിനാലാണ് നീതി നടപ്പാകുന്നത്. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സുപ്രീംകോടതിയിൽ വരെ ഖജനാവിൽനിന്ന് കോടികൾ ചെലവാക്കി പ്രതികളെ രക്ഷപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയായിരുന്നു.
2019 ഫെബ്രുവരി 17ന് കേരളം ഈ ദാരുണമായ വാർത്ത കേട്ട് ഞെട്ടിയപ്പോൾ യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ഹൈക്കോടതിയുടെ ശാസനയെ ധിക്കരിച്ചാണ് അന്നു ഹർത്താൽ പ്രഖ്യാപിച്ചത്. 214 കേസാണ് സംസ്ഥാനത്തുടനീളം യൂത്ത് കോണ്ഗ്രസ് സഹപ്രവർത്തകർക്കൊപ്പം തന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ കോടതികളിലുമായി രജിസ്റ്റർ ചെയ്തത്.
മക്കൾ നഷ്ടപ്പെട്ട രണ്ട് അച്ഛനമ്മമാർ, കുടുംബാംഗങ്ങൾ എന്നിവരെ ഈ സമയം പ്രത്യേകമായി സ്മരിക്കുകയാണ്. മക്കൾ നഷ്ടപ്പെട്ട പിതാക്കൻമാരുടെ പോരാട്ടവീര്യവും, ആത്മവീര്യവും ഏക്കാലവും സ്മരിക്കപ്പെടും. യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയും കാസർഗോഡ് ജില്ലയിലെ യൂത്ത് കോണ്ഗ്രസ് നേതാക്കളും പ്രവർത്തകരും നടത്തിയ ത്യാഗനിർഭരമായ പോരാട്ടങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നും എംപി പറഞ്ഞു.