ടൂറിസം ഭൂപടത്തിൽ ഇടംനേടി ഉപ്പുകുന്ന് വ്യൂ പോയിന്റ്
1490686
Sunday, December 29, 2024 4:14 AM IST
തൊടുപുഴ: ഉപ്പുകുന്ന് വ്യൂ പോയിന്റ് സന്ദർശിക്കാൻ സഞ്ചാരികളുടെ തിരക്കേറി. തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ കൊച്ചിൻ ടുറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി (ടൂർകോ) ഉപ്പുകുന്ന് ഉൾപ്പെടെ തൊടുപുഴയുടെ പരിസര പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികളെ എത്തിക്കാൻ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആരംഭിച്ചതോടെയാണ് സഞ്ചാരികൾ ഇവിടേക്ക് എത്തിത്തുടങ്ങിയത്.
ഉപ്പുകുന്ന്, തൊമ്മൻകുത്ത്, ആനയാടികുത്ത്, കോട്ടപ്പാറ, മങ്കര, പെരുങ്കൊഴുപ്പ്, ഇടിവെട്ടിപ്പാറ, ഞണ്ടിറുക്കി, ഇരുകല്ലും മുടി, നെല്ലിക്കാമല തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കാനുള്ള പാക്കേജുകൾ തുടങ്ങാനുള്ള തയാറെടുപ്പിലാണ് ടൂർക്കോ. ഇതിന്റെ പൈലറ്റ് പദ്ധതിയായാണ് ഉപ്പുകുന്നിനെ തെരഞ്ഞെടുത്തത്.
ഇവിടെ രണ്ടു പാക്കേജാണ് ആരംഭിച്ചത്. രാവിലെ പത്തിനും ഉച്ചയ്ക്ക് മൂന്നിനുമാണ് പാക്കേജ്. ലോറേഞ്ചിലെ തേയിലത്തോട്ടം, ഹെറിറ്റേജ് മ്യൂസിയം, വ്യൂ പോയിന്റ് സന്ദർശനം, കുതിര സവാരി, സൂര്യാസ്തമയം, ചന്ദ്രോദയം എന്നിവയെല്ലാം ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഉപ്പുകുന്നിലെ പോയിന്റിലെത്തി ഇടുക്കി വൈൽഡ് ലൈഫിന്റെ ഭാഗമായ മലനിരകളും വാഗമണ് മലനിരകളും കാണാനാകും. പ്രകൃതിയെ തൊട്ടറിഞ്ഞ് രാത്രി ട്രക്കിംഗും സംഘടിപ്പിക്കും.
രാത്രി അരുവിപ്പാറയിൽനിന്ന് മുറംകെട്ടി പാറയിലേക്ക് നടത്തവുമുണ്ട്. ശബ്ദം കുറച്ച് പ്രകൃതി ഭംഗി ആസ്വദിച്ചാണ് നടത്തം. കേരളത്തിലെ സഞ്ചാരികളെ പരമാവധി ഇവിടേക്ക് ആകർഷിക്കുക എന്നതാണ് ആദ്യ ലക്ഷ്യം. പിന്നീട് വിദേശ സഞ്ചാരികളെയും ഇവിടേക്ക് എത്തിക്കാനായി പദ്ധതിയൊരുക്കും. ഉപ്പുകുന്നിലെ പൈതൃകവും കലാ സംസ്കാരിക തനിമയും നേരിട്ട് അറിയാനുള്ള അവസരവും ഒരുക്കും.
സഞ്ചാരികൾക്കായി ഇത്തരം പാക്കേജുകൾ നടപ്പാക്കാത്തതാണ് തൊടുപുഴ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർ എത്താത്തതിനു പ്രധാന കാരണമെന്ന് സംഘാടകർ പറഞ്ഞു. കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ താമസ സൗകര്യം ഉൾപ്പെടെ സ്വകാര്യ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള തടസവും തിരിച്ചടിയാകുന്നുണ്ട്.
കൂടുതൽ സംരംഭങ്ങളും പാക്കേജുകളും ഉണ്ടായാൽ പ്രദേശത്ത് വികസനവും തൊഴിൽ സാധ്യതകളും കൂടുമെന്നാണ് വിലയിരുത്തൽ. കൂടാതെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്കായി അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും തദ്ദേശ സ്ഥാപന അധികൃതർ തയാറാകണം.
അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയാൽ ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കാത്ത ഇത്തരം പ്രദേശങ്ങളിലേക്ക് വൻതോതിൽ സഞ്ചാരികളുടെ ഒഴുക്കുണ്ടാകും.