അവശനിലയിലായ ആളുമായി പഞ്ചായത്തംഗത്തിന്റെ നെട്ടോട്ടം: വകുപ്പുതല അന്വേഷണം തുടങ്ങി
1490680
Sunday, December 29, 2024 4:02 AM IST
കരിമണ്ണൂർ: ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ അവശനിലയിൽ കണ്ടെത്തിയ ആളുമായി പഞ്ചായത്തംഗം മണിക്കൂറുകൾ അലയുകയും ആംബുലൻസിൽ കാത്തിരിക്കേണ്ടിയുംവന്ന സംഭവത്തിൽ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച കരിമണ്ണൂർ പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റ് നിസാമോൾ ഷാജി, പഞ്ചായത്തംഗം ടെസി വിത്സൻ എന്നിവരുടെ മൊഴി ഡയറക്ടർ രേഖപ്പെടുത്തി.
ചാലാശേരി ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ അവശനിലയിൽ കിടന്ന വയോധികനായ പാറയ്ക്കൽ കുഞ്ഞിനെ സംരക്ഷണകേന്ദ്രത്തിലെത്തിച്ചിട്ടും അവിടെ പ്രവേശിപ്പിക്കാൻ തയാറാകാത്ത സംഭവത്തിലാണ് അന്വേഷണം ആരംഭിച്ചത്. സംഭവം പോലീസിലും സാമൂഹ്യനീതി വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥനെയും അറിയിച്ചിട്ടും കൃത്യമായി ഇടപെട്ടില്ല എന്നതാണ് പരാതി.
ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ നിർദേശത്തെത്തുടർന്നാണ് കഴിഞ്ഞ സെപ്റ്റംബർ 20ന് മുതലക്കോടത്തുള്ള സർക്കാർ വക സംരക്ഷണകേന്ദ്രത്തിൽ രോഗിയുമായി പഞ്ചായത്തംഗം എത്തിയത്. എന്നാൽ രോഗിയെ ഇവിടെ പ്രവേശിപ്പിക്കാൻ സംരക്ഷണകേന്ദ്രം അധികൃതർ തയാറായില്ല. തുടർന്ന് ഇവർ രോഗിയുമായി തൊടുപുഴയിലെ ഇടതു പാർട്ടി ഓഫീസിലെത്തി വിവരം അറിയിച്ചു.
ഇവരുടെ നിർദേശപ്രകാരം രോഗിയെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചാണ് അവിടെനിന്ന് മടങ്ങിയത്. മനുഷ്യത്വ രഹിതമായ പെരുമാറ്റമാണ് ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പഞ്ചായത്തംഗം സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർക്ക് മൊഴി നൽകി.