ഫലം കാണാതെ ട്രാഫിക് പരിഷ്കാരങ്ങൾ; ഗതാഗതക്കുരുക്കിൽ വലഞ്ഞ് സന്ദർശകർ
1490679
Sunday, December 29, 2024 4:02 AM IST
മൂന്നാർ: ക്രിസ്മസ് അവധി പ്രമാണിച്ചു ശൈത്യ കാലത്തെ കുളിര് ആസ്വദിക്കാനായി എത്തുന്ന സഞ്ചാരികൾ ഗതാതഗക്കുരുക്കിൽ വലയുന്നു. മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കാത്തുകിടക്കേണ്ടിവരുന്ന യാത്രക്കാർക്കു മുൻകൂട്ടി നിശ്ചയിച്ച യാത്രാപരിപാടികൾപോലും പൂർത്തിയാക്കാൻ പറ്റാത്ത സാഹചര്യമാണ്.
ഗതാഗതക്കുരുക്ക് പരിഹിരിക്കാൻ ഇടയ്ക്കിടയ്ക്ക് ട്രാഫിക് പരിഷ്കരണ കമ്മിറ്റി കൂടുന്നുണ്ടെങ്കിലും നടപടികൾ ഇല്ലാത്തതിനാൽ പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. സീസണിലെ തിരക്ക് പ്രമാണിച്ച് മുൻകരുതലുകൾ സ്വീകരിക്കാത്തതും പ്രശ്നം രൂക്ഷമാക്കുകയാണ്. റോഡുവശങ്ങളിൽ അനധികൃതമായി പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങൾപോലും മാറ്റാനുള്ള നടപടികൾ ഉണ്ടാകുന്നില്ല.
മൂന്നാർ - ടോപ്പ് സ്റ്റേഷൻ റോഡിലും അന്തർസംസ്ഥാന പാതയായ മൂന്നാർ - ഉടുമലപ്പേട്ട റോഡിലെ രാജമല അഞ്ചാം മൈലിലുമാണ് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. മൂന്നാർ ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി ജംഗ്ഷൻ, മൂന്നാർ കോളനി സ്റ്റാൻഡ്, നമയക്കാട് അഞ്ചാം മൈൽ എന്നിവിടങ്ങളിലാണ് കനത്ത ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്.
ഗതാഗതക്കുരുക്കിൽപ്പെട്ട് മണിക്കൂറുകളോളം കാത്തുകിടക്കേണ്ടിവരുന്നതോടെ വാഹനങ്ങളിലുള്ള കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ വളരെയധികം ബുദ്ധിമുട്ടുകയാണ്. വീതികുറഞ്ഞ അന്തർ സംസ്ഥാനപാതയിൽ ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോകാനാവാത്ത അവസ്ഥയാണ്.
സഞ്ചാരികളുടെ തിരക്കേറുന്പോൾ ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ സേവനങ്ങൾക്കും തടസങ്ങൾ നേരിടുകയാണ്. സീസണ് സമയങ്ങളിൽ മൂന്നാറിൽ ഉണ്ടാകുന്ന തിരക്കിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിനെതിരേ പ്രതിഷേധവും ശക്തമാണ്.